| Thursday, 9th July 2020, 8:58 pm

ലോക്ക്ഡൗണ്‍ കാലം മുതല്‍ ആത്മഹത്യ ചെയ്തത് 66 കുട്ടികള്‍; ചിരി പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ 66 കുട്ടികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കുട്ടികള്‍ക്കിടയില്‍ ഈ ഘട്ടത്തില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ച് വരുന്നുണ്ടെന്നും അതീവ ഗുരുതരമായ സാമൂഹിക പ്രശ്‌നമായി മാറുന്നെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 25 മുതല്‍ 18 വയസില്‍ താഴെയുള്ള 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇന്നും സമാനമായ വാര്‍ത്ത വന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണങ്ങളായി കണ്ടെത്തിയത് വീട്ടില്‍ തന്നെയുള്ള കുട്ടികളുടെ നേരെയുള്ള ഇടപെടലാണ്. ആ ഇടപെടല്‍ നടത്തുന്ന അച്ഛനും അമ്മയും കുട്ടിയുടെ നന്മ ആഗ്രഹിച്ചാണ് ഇടപെടുന്നത്. എന്നാല്‍ കുട്ടിയുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടാവണം ഇടപെടേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഓണ്‍ലൈന്‍ ക്ലാസിലിരിക്കാത്തതിനും, ഗെയി കളിക്കാന്‍ അനുവദിക്കാത്തതും അശ്ലീല ചിത്രം കണ്ടതുമെല്ലാം ചെറിയ കാരണങ്ങളായി തോന്നാം. തിരുത്താന്‍ ഇടപെടുന്നത് കുട്ടിയുടെ മനസിനെ വല്ലാതെ മുറിവേല്‍പ്പിച്ച് കൊണ്ടാവരുത്.

താളം തെറ്റിയ കുടുംബ ജീവിതം മൂലം ആത്മഹത്യ ചെയ്ത കുട്ടിയുണ്ട്. രക്ഷിതാവിന്റെ അമിത മദ്യപാനത്തോട് പൊരുത്തപ്പെടാനാവാതെ കുട്ടി ആത്മഹത്യ ചെയ്യുന്നു. കൊവിഡ് കാലത്ത് വിദ്യാലയം അടച്ചിടേണ്ടി വന്നു. കൂട്ടുകാരുടെ കൂടെ ഇടപഴകാനാവുന്നില്ല. മാനസിക സമ്മര്‍ദ്ദം മുറുകുന്ന സ്ഥിതിയാണ്. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ മുതിര്‍ന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. കൗമാരക്കാര്‍ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ പടവിലാണ്. മുതിര്‍ന്നവരോടെന്ന പോലെ അവരോട് പെരുമാറരുത്.

ഊഷ്മളമായ ബന്ധം ഉണ്ടാകണം. സ്‌നേഹപൂര്‍വം പെരുമാറണം. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് പരിഹരിക്കാന്‍ കൗണ്‍സിലിങ് അടക്കം നടത്താന്‍ ഉപേക്ഷ നടത്തരുത്. കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകരുത്. വിദ്യാഭ്യാസം മത്സരമല്ല. അറിവ് നേടാനുള്ള ഉപാധിയാണ്. അത് അവരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്. ആത്മഹത്യാ പ്രവണതയെ കുറിച്ച് പഠിക്കാന്‍ സമിതിയെ രൂപീകരിച്ചെന്നും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫോണ്‍ വഴി കൗണ്‍സിലിങ് നല്‍കുന്ന ചിരി പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

സമൂഹത്തിന്റെ ഭാവി കുട്ടികളുടെ കൈകളിലാണ്. നാളത്തെ പൗരന്മാര്‍ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more