| Wednesday, 16th October 2019, 11:06 am

ജിയോ പണം ഈടാക്കാന്‍ തുടങ്ങുമ്പോള്‍ ജിയോയെക്കാള്‍ വലിയ പദ്ധതിയുമായി കേരളം; 12 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യം, ബാക്കിയുള്ളവര്‍ക്ക് സൗജന്യ നിരക്കില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അണ്‍ലിമിറ്റഡ് ഫ്രീ എന്ന വാഗ്ദാനവുമായാണ് റിലയന്‍സ് ജിയോ സേവനം ആരംഭിച്ചത്. മൊബൈല്‍ സേവനവും ബ്രോഡ്ബാന്‍ഡ് സേവനവുമായാണ് ജിയോ വന്നത്. കഴിഞ്ഞ ദിവസമാണ് ഇനി മുതല്‍ മറ്റ് നെറ്റവര്‍ക്കുകളിലേക്ക് കോള്‍ ചെയ്താല്‍ മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് ജിയോ അറിയിച്ചത്.

ഈ തീരുമാനത്തിനെതിരെ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധിച്ചിരുന്നു. ഇനി ജിയോ മറ്റ് സര്‍വ്വീസുകളിലും പണം ഈടാക്കി തുടങ്ങുമെന്നും പലരും അഭിപ്രായപ്പെട്ടു. ജിയോയെ കുറിച്ച് ഈ തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് ജിയോയേക്കാള്‍ വലിയ ബ്രോഡ്ബാന്‍ഡ് സേവനത്തിന്റെ ആദ്യ ഘട്ട പ്രവൃത്തി കേരളം പൂര്‍ത്തീകരിച്ചത്.

കേരളത്തിലെ ബി.പി.എല്‍ കുടുംബങ്ങളിലും മറ്റ് കുടുംബങ്ങളിലും ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും സര്‍ക്കാര്‍ വക ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനുള്ള കെ ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ട സര്‍വ്വെ പൂര്‍ത്തിയായി കഴിഞ്ഞു. കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ്, കേബിള്‍ ടി.വി തുടങ്ങിയ സര്‍വ്വീസുകളാണ് കെ ഫോണ്‍ ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനത്തേക്കാള്‍ വലിയ പദ്ധതിയാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1028 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 823 കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു.

കെ.എസ്.ഇ.ബിയുടെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെയാണ് കണക്ഷനെത്തിക്കുക. കേബിളുകളിലൂടെ തന്നെ എത്തുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ ഗവേണ്‍സിനായി ഉപയോഗപ്പെടുത്താം. വീടുകളില്‍ ഫോണും ഇന്റര്‍നെറ്റും കേബിള്‍ ടി.വിയും ഈ കണക്ഷനിലൂടെ ലഭിക്കും.

12 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായിട്ടാണ് കണക്ഷന്‍ നല്‍കുക. മറ്റുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കിലും. സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ ലഭിക്കും.

കെ ഫോണ്‍ പദ്ധതിയുടെ കേബില്‍ വഴി സംസ്ഥാനത്ത് 2000 വൈഫെ ഹോട് സ്‌പോട്ടുകള്‍ സ്ഥാപിക്കും. ഇത് വഴിയാണ് സര്‍വ്വ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ഓഫീസുകള്‍ക്കും വീടുകള്‍ക്കും സര്‍വ്വീസ് നല്‍കുക. പദ്ധതി പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മുഖ്യമന്ത്രി തന്നെ ഈ പദ്ധതി എന്താണെന്ന് വിശദീകരിച്ചിരുന്നു. ലഘുവായ വാക്കുകളില്‍ മുഖ്യമന്ത്രി പദ്ധതിയെ വിശേഷിപ്പിച്ചതിങ്ങനെ

‘എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പ്രഖ്യാപനം മാത്രമല്ല. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത് യാഥാര്‍ത്ഥ്യമാക്കും. അതിനായാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീ‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും’

പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകളിങ്ങനെ

ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടും. ഈ മേഖലയിലെ കുത്തകവല്‍ക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പ് സാധ്യമാകും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം .

30000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാം.
ഇ – ഹെല്‍ത്ത് പോലുള്ള പദ്ധതി നടപ്പിലാക്കാനാകും.

കേബിള്‍ ടി വി ക്കാര്‍ക്ക് ഉപയോഗിക്കാം.

ഐ ടി പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയവിടങ്ങളിലേക്ക് ഹെസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.

ട്രാഫിക് മാനേജ് മെന്റിനുള്ള സൗകര്യം ലഭ്യമാകും.

ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കോമേഴ്സ് വഴി വില്‍പ്പന നടത്താം.

ഹൈടെന്‍ഷന്‍ പ്രസാരണ ശ്യംഖലയിലൂടെ ഇന്റര്‍നെറ്റ് കേബിള്‍ ഇടുന്നതിന് വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരഭ കമ്പനിയില്‍ കെ.എസ്.ഐ.ടി.എല്ലിനും കെ.എസ്.ഇ.ബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. കോര്‍ നെറ്റ്‌വര്‍ക്കിന് കേബിള്‍ വലിക്കാനുള്ള നടപടികളിലേക്ക് ഐ.ടി മിഷന്‍ സാങ്കേതിക സഹായത്തോടെ കെ.എസ്.ഐ.ടി.എല്‍ നീങ്ങുകയാണ്. അതിനാല്‍ നവംബറില്‍ തന്നെ കേബിളിടുന്ന ജോലികള്‍ ആരംഭിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more