| Tuesday, 27th September 2022, 10:57 am

പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും കൊല്ലാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; എ.ബി.സി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കണമെന്നും ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് എ.ബി.സി പദ്ധതിയുടെ ചുമതല. എന്നാല്‍ നായ പിടിത്തക്കാരുടെ ലഭ്യതക്കുറവ് മൂലം പദ്ധതി ഏറെക്കുറേ മരവിച്ച അവസ്ഥയിലാണ്. അതുകൊണ്ട് താഴേത്തട്ടില്‍ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.

പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ വന്ന പക്ഷികളെ കൊന്നുതള്ളുന്ന അതേ മാതൃകയില്‍ പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും കൂട്ടത്തോടെ കൊന്നുതള്ളാനാണ് കേരളം അനുമതി ചോദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കാത്ത ചട്ടങ്ങളില്‍ ഇളവ് ചെയ്ത് നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് നായ്ക്കളുടെ എണ്ണം പെരുകുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ചതിനൊപ്പം തന്നെ എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് വേണ്ട ചില നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് സിരിജഗന്‍ കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനത്ത് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു, എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ല, പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നായ പിടിത്തക്കാരെ കിട്ടാനില്ല എന്നീ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു സിരിജഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിത്.

വിഷയത്തില്‍ കേരള സര്‍ക്കാരിനോട് സുപ്രീംകോടതി അടിയന്തരമായി നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേരളത്തില്‍ തെരുവുനായ്ക്കളെ ആളുകള്‍ കൂട്ടത്തോടെ കൊല്ലുന്നതിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

Content Highlight: Kerala Government seeks Supreme Court permission to kill violent stray dogs

We use cookies to give you the best possible experience. Learn more