| Monday, 22nd January 2024, 10:53 pm

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ സമരം; എം.കെ സ്റ്റാലിന് കേരള സര്‍ക്കാരിന്റെ ക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെയുള്ള സമരത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരള സര്‍ക്കാരിന്റെ ക്ഷണം. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് എം.കെ. സ്റ്റാലിനെ ഔദ്യോഗികമായി നേരിട്ട് സമരത്തിലേക്ക് ക്ഷണിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമരം ദല്‍ഹിയില്‍ വെച്ച് ഫെബ്രുവരി എട്ടിന് നടക്കും. ദല്‍ഹിയിലെ ജന്തര്‍ മന്ത്രില്‍ വെച്ച സംഘടിപ്പിക്കുന്ന സമരത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലെ മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും.

അതേസമയം സമരത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിരസിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണ മാത്രമല്ല സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയുരുന്നു. കേരള സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും അറിയിക്കാനുള്ള നടപടി കേരള മുഖ്യമന്ത്രി ആരംഭിച്ചിട്ടുണ്ടെന്ന് എല്‍.ഡി.എഫ് നേതൃത്വം പറഞ്ഞിരുന്നു. കേരളത്തിന്റെ പ്രശ്‌നം എല്ലാവരും മനസിലാക്കുന്നതാണ് നല്ലതെന്നും അതില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്‍.ഡി.എഫ് വ്യക്തമാക്കിയിരുന്നു.

സമര ദിനത്തില്‍ ബൂത്തടിസ്ഥാനത്തില്‍ കേരളത്തിലെ മുഴുവന്‍ വീടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപടുകളെ കുറിച്ചും നയങ്ങളെ കുറിച്ചും പ്രചാരണം നടത്തുമെന്നും ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുമെന്നും എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചിരുന്നു.

Content Highlight: Kerala government’s invitation to MK Stalin to join the protest against central government’s financial neglect

We use cookies to give you the best possible experience. Learn more