തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയതിനു പിന്നാലെ വെട്ടിലായത് കോണ്‍ഗ്രസ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതിനിടെയാണ് സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കി വിജ്ഞാപനം ഇറക്കിയത്.
കേരളത്തിലെ മുഖ്യപ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുന്നോട്ട് വരേണ്ട കോണ്‍ഗ്രസാകട്ടെ സംസ്ഥാന സമവാക്യങ്ങളിലും ദേശീയ നിലപാടിലും കുടുങ്ങി നിലപാട് വ്യക്തമാക്കാനാകാത്ത സാഹചര്യത്തില്‍പ്പെട്ടിരിക്കുകയാണ്.
സംവരണത്തെ അനുകൂലിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ദേശീയ നിലപാട്. എന്നാല്‍ ഈ നിലപാടിന് പിന്തുണ നല്‍കിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ സഖ്യകക്ഷിയായ ലീഗ് നേതൃത്വത്തിന്റെ കടുത്ത അതൃപ്തിയിലേക്കും മറ്റു പ്രത്യാഘാതങ്ങളിലേക്കുമായിരിക്കും വഴിവെക്കുക.
മുന്നാക്കകാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണത്തിനെതിരെ കടുത്ത വിമര്‍ശനമാണ് മുസ്‌ലിം ലീഗ് ഉന്നയിക്കുന്നത്. ഇതാകട്ടെ ഒരേ സമയം തീരുമാനത്തെ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയിലേക്കാണ് കോണ്‍ഗ്രസിനെ എത്തിക്കുന്നത്.
ലീഗ് ആകട്ടെ മുന്നാക്ക സംവരണ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. ഇതിനായി ബുധനാഴ്ച്ച പതിനൊന്ന് മണിക്ക് സംവരണ സമുദായങ്ങളുടെ യോഗമടക്കം ലീഗ് നേതൃത്വം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
പിന്നാക്ക സമുദായക്കാര്‍ക്ക് കടുത്ത തിരിച്ചടിയാണ് മുന്നാക്ക സംവരണം എന്നിരിക്കെ ലീഗിന് കൂടുതല്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകേണ്ടതുണ്ട്. വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിലും എത്താനുള്ള സാഹചര്യം ലീഗിനുള്ളില്‍ ഇല്ല എന്നത് കേരളത്തിലെ കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
ലീഗ് പ്രതിഷേധത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. മുന്നാക്ക സംവരണത്തിനെതിരായി നിലപാടും സ്വീകരിക്കാന്‍ കഴിയില്ല.
അതുകൊണ്ട് തന്നെ സംവരണ പ്രഖ്യാപനം സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും സംഘടനകളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നുമുള്ള അധികം പരിക്കേല്‍ക്കാത്ത നിലപാടിലൂടെ കടന്നുകൂടാനായിരിക്കും കോണ്‍ഗ്രസ് ശ്രമം.
വിഷയത്തില്‍ യു.ഡി.എഫ് സ്വീകരിക്കുന്ന നിലപാട് വരും തെരഞ്ഞെടുപ്പുകളില്‍ പ്രധാനവോട്ട് ബാങ്കായ എന്‍.എസ്.എസുമായുള്ള ബന്ധത്തെയും സ്വാധീനിക്കും.
ക്രിസ്ത്യന്‍ സഭകളുമായും നിലവില്‍ യു.ഡി.എഫിനുള്ള ബന്ധത്തെയും ഇത് ബാധിക്കും. എന്‍.എസ്.എസ് ആകട്ടെ മുന്‍കാല പ്രാബല്യത്തോട് കൂടിയായിരിക്കണം മുന്നാക്ക സംവരണ നടപ്പിലാക്കേണ്ടത് എന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. സീറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ളവര്‍ ലീഗിനെ തള്ളി രംഗത്തെത്തിയിട്ടുമുണ്ട്.
ലീഗിന്റെ നിലപാട് വര്‍ഗീയത മറനീക്കി പുറത്തുകൊണ്ടുവരുന്നതാണ് എന്നാണ് സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞത്. വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത് യു.ഡി.എഫ് നിലപാട് എന്തായിരിക്കും എന്നതിനെക്കുറിച്ചാണ്.
ഇതിനിടയില്‍ ഇന്ന് വൈകിട്ട് മുന്ന് മണിക്ക് യു.ഡി.എഫ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നുണ്ട്. സര്‍ക്കാര്‍ ധൃതിപ്പെട്ട് നടപ്പിലാക്കിയ മുന്നാക്ക സംവരണത്തില്‍ നിന്ന് പരുക്കേല്‍ക്കാതെ രക്ഷപ്പെടുന്നത് എളുപ്പമാകില്ല യു.ഡി.എഫിനെന്നാണ് നിരീക്ഷണങ്ങള്‍.