| Thursday, 31st December 2020, 12:02 pm

ഒറ്റക്കെട്ടായി കേരളം; കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി; എതിര്‍ത്ത് വോട്ട് ചെയ്യാതെ ഒ. രാജഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ കൊണ്ടു വന്ന പ്രമേയം പാസാക്കി. ഏകകണ്‌ഠേനയാണ് പ്രമേയം നിയമസഭയില്‍ പാസാക്കിയത്.

ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം കാര്‍ഷിക നിയമത്തെ അനുകൂലിച്ചായിരുന്നു രാജഗോപാല്‍ നിയമസഭയില്‍ സംസാരിച്ചത്.

പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സി ജോസഫ് ആവശ്യമുന്നയിച്ചെങ്കിലും സഭ അത് വോട്ടിനിട്ട് തള്ളി. പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുന്നതിനിടെ ഉന്നയിച്ചത്.

മൂന്ന് നിയമഭേദഗതികളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചൂകൂട്ടി കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കവെ പറഞ്ഞത്.

കോര്‍പ്പറേറ്റ് അനുകൂല പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്താതിരുന്നാല്‍ ആ പ്രതിസന്ധി താങ്ങാന്‍ കേരളത്തിന് ആകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറ്റുകള്‍ക്ക് അനുകൂലമായി പാസാക്കിയെടുത്ത മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകരോഷം ഇരമ്പുന്നത്.

35 ദിവസത്തെ സമരത്തിനിടെ 32 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചില നിയമ നിര്‍മ്മാണങ്ങള്‍ അത് ബാധിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുമ്പോള്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അത് ഗൗരവമായി പരിഗണിക്കാന്‍ ബാധ്യതയുണ്ട്.

കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ ആലോചിച്ച് നടപ്പിലാക്കേണ്ടവയാണ്. ഇക്കാര്യത്തില്‍ കേരളത്തിന് വിപുലമായ അനുഭവ സമ്പത്തുണ്ട്.

ചുരുക്കം ചില ഉത്പന്നങ്ങള്‍ക്ക് മാത്രമേ ഇപ്പോഴും താങ്ങുവില ലഭിക്കുന്നുള്ളൂ. കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.

കര്‍ഷകരുടെ വിലപേശല്‍ ശേഷി പലപ്പോഴും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്ക് മുന്‍പില്‍ ദുര്‍ബലമാകും എന്നതാണ് ബില്ലിലെ വലിയ പ്രശ്നം.

കാര്‍ഷിക ഉത്പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ന്യായവില പ്രകാരം സംഭരിച്ച് കര്‍ഷകര്‍ക്ക് വില്‍പ്പന നടത്താനുള്ള അവസരമാണ് ഉണ്ടാകേണ്ടത്.

ഇതിന് പകരം കാര്‍ഷിക ഉത്പന്നങ്ങളുടെ വ്യാപാരമാകേ കോര്‍പ്പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താനുളള അവസരമുണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞു പോകുകയും ചെയ്യുന്നു.

പുതിയ നിയമം ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കും. ഈ പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെയും ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ എത്താതിരുന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാക്കും.

ഈ കൊവിഡ് വ്യാപനഘട്ടത്തില്‍ അത്തരമൊരു പ്രതിന്ധി കേരളത്തിന് താങ്ങാനാവില്ല,” മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും ശക്തമായി അടിത്തറ കാര്‍ഷിക സമൂഹത്തിന്റെ കരുത്താണെന്ന് സ്പീക്കര്‍ പി ശ്രീരാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത സമരമാണ്. ഇന്ത്യയെന്ന ആശയത്തിന്റെ കരുത്തുറ്റ അടിത്തറയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് ഈ നിയമസഭ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Government passed a resolution against farmers law of central government

We use cookies to give you the best possible experience. Learn more