| Saturday, 28th January 2023, 1:32 pm

അടൂരിന്റെ 'സ്വയംവര'ത്തിന് പഞ്ചായത്തുകളില്‍ നിന്ന് പണപ്പിരിവ്; താല്‍പര്യമുള്ളവര്‍ കൊടുത്താല്‍ മതിയെന്ന് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടൂരിന്റെ ‘സ്വയംവരം’ സിനിമയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ പഞ്ചായത്തുകള്‍ 5,000 രൂപ വീതം നല്‍കണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവില്‍ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.

താല്‍പര്യമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കിയാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പരിപാടിയുടെ നടത്തിപ്പിനായി ഫണ്ട് കൊടുക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍, ‘സ്വയംവരം’ സിനിമയുടെ അമ്പതാം വാര്‍ഷികത്തിനായി പണം ആവശ്യപ്പെട്ട് തദ്ദേശ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നുവെന്ന് സംഘാടക സമിതി കണ്‍വീനര്‍ പറഞ്ഞു.

വ്യാപകമായി പണം പിരിക്കാനുള്ള ആലോചനയില്ലെന്നും, ആഘോഷ പരിപാടി ലളിതമായി നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

‘സ്വയംവരം’ സിനിമയുടെ അമ്പതാം വാര്‍ഷികത്തിനായി പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകള്‍ തനത് ഫണ്ടില്‍നിന്ന് 5,000 വീതം സംഘാടക സമിതിക്ക് നല്‍കണമെന്നാണ് തദ്ദേശവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.

സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു.

സംഘാടക സമിതിയാണ് സര്‍ക്കാരിനോട് പണപ്പിരിവിന് അനുമതി തേടിയത്. ഇതിന് അനുമതി നല്‍കിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മാര്‍ച്ചില്‍ അടൂരിലാണ് അമ്പതാം വാര്‍ഷിക പരിപാടി നടക്കുന്നത്.

Content Highlight: Kerala Government Order to Panchayats in Pathanamthitta district to Collect fund for 50th anniversary of Adoor Gopalakrishnan’s Swayamvaram Film

We use cookies to give you the best possible experience. Learn more