| Thursday, 24th December 2020, 12:14 pm

പ്രത്യേക നിയമസഭ ചേരാനുറച്ച് സര്‍ക്കാര്‍; 31ന് തന്നെ സഭ സമ്മേളിക്കാന്‍ തീരുമാനം; ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടു വരുന്നതിനായി പ്രത്യേക നിയമസഭ ചേരുമെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. ഡിസംബര്‍ 31ന് ചേരാനാണ് തീരുമാനം.

സഭ സമ്മേളിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നേരത്തെ പ്രത്യേക നിയമസഭ ചേരാന്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ സഭ ചേരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രത്യേക നിയമസഭ ചേരേണ്ടതിന്റെ അടിയന്തര സാഹചര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ മറുപടി.

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്. നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സഭ ചേരാന്‍ അനുവദിക്കാതിരുന്ന ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത കര്‍ഷക സമിതി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള ശുപാര്‍ശയാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തള്ളിയത്. ഇതിന് പിന്നാലെ സര്‍ക്കാരും പ്രതിപക്ഷവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഗവര്‍ണറുടെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ബനാന റിപ്പബ്ലിക്കല്ലെന്ന് വിമര്‍ശിച്ച് കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍ തന്നെ പരസ്യമായി രംഗത്തെത്തി.

പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അത് അനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala government on their firm stand that they will hold a special assembly on December 31 on farm laws

We use cookies to give you the best possible experience. Learn more