ഓഖി ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് കേരളസര്‍ക്കാര്‍ ജോലി
Kerala
ഓഖി ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് കേരളസര്‍ക്കാര്‍ ജോലി
എഡിറ്റര്‍
Friday, 8th December 2017, 7:08 pm

 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നല്‍കുക.

തൊഴിലില്ലാത്ത മത്സ്യതൊഴിലാളി കുടുംബത്തിന് ആഴ്ചയില്‍ രണ്ടായിരം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഓരോ ദിവസവും മുതിര്‍ന്നവര്‍ക്ക് 60 രൂപവീതവും കുട്ടികള്‍ക്ക് 45 രൂപവീതവും നല്‍കുന്നതിന് പകരമായാണിത്.


Also Read: ലൗവ് ജിഹാദ് കൊലപാതകം; ലോകത്തെ നടുക്കിയ വീഡിയോ പകര്‍ത്തിയത് 14 കാരന്‍


കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും കുറവാണെന്ന നിലയില്‍ ഇതരകോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍.

നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കൂടികാഴ്ചയില്‍ ആവശ്യപ്പെടും.

സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍നിന്ന് അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സര്‍വകക്ഷി സംഘം വേണ്ടെന്നുവച്ചു. കൂടിക്കാഴ്ചയ്ക്കുള്ള അനുമതിപോലും ലഭിക്കാത്ത സാഹചര്യത്തിലാണിത്.

കടല്‍ തീരത്ത് സാമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുലിമുട്ടും കടല്‍ ഭിത്തിയും നിര്‍മ്മിക്കുന്നതിനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.