കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യാന്‍ ഉത്സാഹം; പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കുടിശ്ശിക പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മെല്ലപ്പോക്ക്
Economics
കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യാന്‍ ഉത്സാഹം; പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കുടിശ്ശിക പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മെല്ലപ്പോക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 2:27 pm

പാട്ടകാലാവധി കഴിഞ്ഞ ഭൂമി കുടിശ്ശിക പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയായില്ല. കാലാവധി കഴിഞ്ഞ സ്വകാര്യ എസ്റ്റേറ്റുകള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുടിശ്ശിക പോലും പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് കുടിശ്ശിക അടയ്ക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച കാലാവധി കഴിഞ്ഞ 415 ഭൂമികളാണുള്ളത്. ഈ ഭൂമിയില്‍ കുടിശ്ശിക ഇനത്തില്‍ സര്‍ക്കാരിന് 1,155 കോടി രൂപയോളം കിട്ടാനുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.

എറണാകുളത്ത് ഇത് സംബന്ധിച്ച് 96 കേസുകളും തിരുവനന്തപുരത്ത് 85 കേസുകളും ഉണ്ട്. കൊല്ലത്ത് 49 കേസുകളാണ് ഉള്ളത്. ഇടുക്കിയിലും കാസര്‍കോട്ടും ഇത് 31 വീതമാണ്.

ക്ലബുകള്‍, എസ്റ്റേറ്റുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇത്രയും കുടിശ്ശിക ലഭിക്കാനുള്ളത്. മെട്രോ നഗരങ്ങളിലെ ആഡംബര ക്ലബുകള്‍ സര്‍ക്കാരില്‍ നിന്ന് കൃഷിയ്ക്കായി ഭൂമി പാട്ടത്തിനെടുത്ത എസ്റ്റേറ്റ് ഉടമകള്‍, വിദ്യാഭ്യാസത്തിനായി ഭൂമി ലഭിച്ച ട്രസ്റ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവരാണ് പാട്ടത്തുക സര്‍ക്കാരിന് അടക്കാതിരിക്കുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. പാട്ടക്കലാവധി കഴിഞ്ഞിട്ടും 585.41 കോടി രൂപയാണ് ജില്ലയില്‍ നിന്ന് ലഭിക്കാനുള്ളത്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്- 31.9 ലക്ഷം രൂപ. വയനാട് ജില്ലയില്‍ നിന്ന് ഈയിനത്തില്‍ ഒരു രൂപപോലും കുടിശ്ശികയായി ലഭിക്കാനില്ല. 154 കോടി രൂപയാണ് തിരുവനന്തപുരം ജില്ലയില്‍ കുടിശ്ശികയുള്ളത്.

പ്രളയവും സാമ്പത്തികപ്രതിസന്ധിയുമുണ്ടായി സംസ്ഥാനത്തിന്റെ നട്ടെല്ലൊടിഞ്ഞിട്ടും കുടിശ്ശിക പിരിക്കാന്‍ നടപടിയൊന്നുമുണ്ടാകാത്തതില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്. 43 എസ്റ്റേറ്റുകള്‍ കാലാവധി കഴിഞ്ഞിട്ടും തുക നല്‍കിയിട്ടില്ലെന്ന് രേഖകള്‍ തെളിയിക്കുന്നു.

നെല്ലിയാമ്പതിയില്‍ സ്വകാര്യ എസ്റ്റേറ്റുകള്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും സ്വകാര്യവ്യക്തികളുടെ കൈയ്യിലാണ്. പലതിനും ഹെക്ടറിന് 1500 രൂപ മാത്രമാണ് പാട്ടത്തുക. ഇത് തന്നെയാണ് സംസ്ഥാനത്തെ മിക്ക ഭൂമിയുടേയും പാട്ടത്തുക.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പാട്ടത്തുക പുതുക്കണമെന്നാണ് ചട്ടം. എന്നാല്‍ അതും നടന്നിട്ടില്ല. പ്രളയത്തെത്തുടര്‍ന്നുള്ള നവകേരളനിര്‍മ്മാണത്തിന് പണമില്ലാതെ വലയുമ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഈ തുക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ഇത്തരത്തിലുള്ള ഭൂമി ബാങ്കില്‍ ഈട് വെച്ച് ഉടമസ്ഥര്‍ കോടിക്കണക്കിന് രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. സാധാരണ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വായ്പ എടുത്തത് തിരിച്ചടയ്ക്കാത്തത് മൂലം കിടപ്പാടം അടക്കം ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ ഒരുങ്ങുമ്പോള്‍ എസ്റ്റേറ്റ് ഉടമകള്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി പാട്ടത്തുക നല്‍കാത്ത ആഡംബര ക്ലബുകള്‍ തലസ്ഥാനത്തും എറണാകുളത്തും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

നേരത്തെ നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടി.

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചുപിടിക്കുന്നതിനായി നിയമം അനുശാസിക്കുന്ന വിധം ഒരോ കക്ഷികള്‍ക്കും നോട്ടീസ് നല്‍കി നേരില്‍ കേള്‍ക്കുന്നതിനും നാളിതുവരെ ഉള്ള പാട്ടത്തുക നിലവിലെ ചട്ടങ്ങള്‍ പ്രകാരം ഈടാക്കാനും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കുന്നതിന് വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

548.47 ഹെക്ടര്‍ റവന്യൂ ഭൂമിയാണ് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈവശം വച്ചിട്ടുള്ളത്. നോട്ടീസ് നല്‍കി അവരുടെ ഭാഗം കേട്ടശേഷം തുക പിരിച്ചെടുക്കാനായിരുന്നു തീരുമാനം. ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാകാതെ വന്നതോടെ പാട്ടം റദ്ദു ചെയ്ത് സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാനായിരുന്നു നിര്‍ദേശം.

കുടിശ്ശികക്കാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കണ്‍വീനറായും ധന, നിയമ, റവന്യൂ സെക്രട്ടറിമാര്‍ അംഗങ്ങളായും രൂപീകരിച്ച കമ്മിറ്റിയുടെ ശുപാര്‍ശയിലും നടപടിയായില്ല. മൂന്നു വര്‍ഷം കൂടുമ്പോള്‍ പാട്ടത്തുക പുതുക്കി നിശ്ചയിക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ല.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസണ്‍ കമ്പനി കൈവശം വച്ചിട്ടുള്ള 38,171 ഏക്കര്‍ ഭൂമി ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാന്‍ ലാന്‍ഡ് റിസംപ്ഷന്‍ സ്പെഷ്യല്‍ ഓഫീസര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും കമ്പനി സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ കേസില്‍ ഭൂമിയുടെ ഉടമസ്ഥതാവകാശം സര്‍ക്കാരിനാണെന്ന് സ്ഥാപിച്ചെടുക്കണമെങ്കില്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവായത്.

WATCH THIS VIDEO: