തിരുവനന്തപുരം: പ്രളയത്തെകുറിച്ചുള്ള അമികസ് ക്യൂറി റിപ്പേര്‍ട്ട് തള്ളി സര്‍ക്കാര്‍. അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നും അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയപഠനമല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേണം ആവശ്യമില്ലെന്ന സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചു.
അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണം, ഇത് ജലവിഭവ വകുപ്പും ശരിവെച്ചതാണ്. ശാസ്ത്രലോകം തളളിയ റിപ്പോര്‍ട്ടുകള്‍ വച്ചാണ് അമികസ് ക്യൂറി റിപ്പോര്‍ട്ടുകളെന്നും ഇത് ശാസ്ത്രീയ പഠനമല്ലെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.
പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. ഭാവിയില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഠനം നടത്തണെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജഡ്ജിമാരടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് അമികസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഡാം മാനേജ്‌മെന്റ് അതോറിറ്റിക്ക് പാളിച്ച പറ്റിയോയെന്ന് പരിശോധിക്കണമെന്നും മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നത് പ്രളയാഘാതം കൂട്ടിയെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഡാമുകളില്‍ ചെളിയടിഞ്ഞത് തിരിച്ചറിയാനായില്ല. കനത്ത മഴയുണ്ടാകുമെന്ന് കണക്കാക്കുന്നതില്‍ പിഴവ് പറ്റിയെന്നും കാലാവസ്ഥ മുന്നറിയിപ്പ് കാര്യമായി എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ കാലാവസ്ഥ സൂചന മുന്നറിയിപ്പും കാര്യമാക്കിയില്ല. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.