സര്‍ക്കാര്‍ കുപ്പിവെള്ളം വിപണിയിലേക്ക്
Kerala
സര്‍ക്കാര്‍ കുപ്പിവെള്ളം വിപണിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th December 2013, 8:58 am

[]തൊടുപുഴ: കേരള സര്‍ക്കാറിന്റെ സ്വന്തം കുപ്പിവെള്ളം വിപണിയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന കുപ്പിവെളളം അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തിക്കാനാണ് ശ്രമം.

ജലവിഭവ വകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍ പ്ലാന്റില്‍ നിന്നുള്ള കുപ്പിവെള്ളം ഫിബ്രവരിയോടെ    മാര്‍ക്കറ്റിലെത്തിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. ഇതിനായി നിര്‍മ്മിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം തൊടുപുഴ മലങ്കരയില്‍ പുരോഗമിക്കുകയാണ്.

മലങ്കര അണക്കെട്ടിനോട് ചേര്‍ന്ന് തൊടുപുഴ മുട്ടം റോഡിലാണ് പ്ലാന്റ്് നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് മുന്നേറുന്നത്. മണിക്കൂറില്‍ 9000 ബോട്ടില്‍ കുടിവെള്ളം പുറത്തിറക്കാന്‍ സൗകര്യമുള്ള ഫാക്ടറിയാണ് സ്ഥാപിക്കുന്നത്.

സംസ്ഥാനത്താകെ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കേരളാ ഡ്രിങ്കിംഗ് വാട്ടര്‍ സപ്‌ളൈ എന്ന പേരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കമ്പനി രൂപീകരിച്ചിരുന്നു. 2012 ഡിസംബറിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് കീഴിലാണ് പ്ലാന്റ് നിര്‍മ്മാണം നടക്കുന്നത്.

പൊതു സ്വകാര്യ പങ്കാളിത്തത്തോട് കൂടി സിയാല്‍  മോഡലിലാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഇതില്‍ 26% ഓഹരിയുണ്ടായിരിക്കും. അത് 2.60 കോടി രൂപയുടേതാണ്. കേരള ജലഅഥോറിറ്റിക്ക് 23% ഓഹരികളാണ് ഉണ്ടാവുക. ബാക്കിയുള്ളത് സ്വകാര്യ മേഖലയില്‍നിന്ന് സമാഹരിക്കും .

കമ്പനി രൂപീകരിച്ച്് കുടിവെള്ളം വിതരണം ചെയ്യുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സി.പി.ഐ.എം രംഗത്ത് വന്നിരുന്നു. 2016 ഓടെ കേരളത്തിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് വിട്ടു കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍  ആരോപിച്ചിരുന്നു.

സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ച് വെള്ളം കച്ചവടം നടത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.