| Friday, 17th April 2020, 12:18 pm

'ഒരു വിഭാഗത്തില്‍ നിന്നുമാത്രം പണം ഈടാക്കാനാവില്ല'; സാലറിചലഞ്ചിന് ബദല്‍ മാര്‍ഗം തേടി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ ബദല്‍ മാര്‍ഗം തേടി കേരളസര്‍ക്കാര്‍. മന്ത്രി സഭ ചര്‍ച്ചചെയ്തതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ഒരു വിഭാഗത്തില്‍ നിന്നു മാത്രം സാലറി പിടിക്കാന്‍ ആവില്ലെന്ന കണക്കുകൂട്ടലിലാണ് സാലറി ചലഞ്ചില്‍ നിന്നും പിന്മാറാന്‍ ആലോചിക്കുന്നത്.

ചിലര്‍ തുക നല്‍കാതെ മിടുക്കന്‍മാരാകും. അതുകൊണ്ടു തന്നെ എന്താണ് വേണ്ടതെന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അഭിപ്രായം മറിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന് ആരെയും അടിച്ചേല്‍പ്പിക്കാന്‍ താത്പര്യമില്ലെന്നും പ്രതിപക്ഷം സമ്മതിക്കില്ല എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വമേധയാ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ എല്ലാവരും നല്‍കില്ല. കഴിഞ്ഞ പ്രളയകാലത്തും ചില വകുപ്പുകളല്‍ നിന്നും വളരെ കുറച്ചു പേര്‍ മാത്രമാണ് ചലഞ്ചില്‍ പങ്കെടുത്തത്.

ക്ഷാമബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന കാര്യം പരിശോധിച്ച് വരുന്നുണ്ട്. നിലവില്‍ 12 ശതമാനമാണ് ക്ഷാമബത്ത ഉള്ളത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം.

We use cookies to give you the best possible experience. Learn more