തിരുവനന്തപുരം: തുടര്‍ച്ചയായ 16ാം ദിവസവും ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍, സംസ്ഥാനം ഈടാക്കുന്ന നികുതി കുറയ്ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ബുധനാഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
ജി.എസ്.ടി പരിധിയില്‍ ഇല്ലാത്ത പെട്രോളിയം ഇന്ധനങ്ങള്‍ക്ക് നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും, സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് നികുതിയുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന നികുതി വരുമാനങ്ങളിലൊന്നാണ് പെട്രോളിയം ഇന്ധനങ്ങളില്‍ നിന്നുള്ളത്. ഈ നികുതിയുടെ കാര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുക. ഇന്ധന വിലയുടെ 32 ശതമാനത്തോളമാണ് വാറ്റ് നികുതി.
മുന്‍പ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിന്റെ വാറ്റ് കുറച്ചിരുന്നു. ഇന്ധനവില ഉയരുകയും, കേന്ദ്രം നടപടി എടുക്കാന്‍ വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ നികുതി ഇളവ് ചെയ്യാനുള്ള നീക്കം.
വില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി ഇളവ് ചെയ്യാനുള്ള ആവശ്യം ശക്തമായിരുന്നെങ്കിലും സര്‍ക്കാര്‍ ഇതിന് തയ്യാറായിരുന്നില്ല. നിലവില്‍ പെട്രോളിന് 82.45 രൂപയും ഡീസലിന് 75.05 രൂപയുമാണ് സംസ്ഥാനത്ത്.