ആലപ്പുഴ: ഹൈക്കോടതി വിധിയെ മറികടക്കാന്‍ വെള്ളാപ്പള്ളിക്കും എസ്.എന്‍.ഡി.പിക്കും അനുകൂലമായ നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അപേക്ഷയിലാണ് കമ്പനി നിയമത്തില്‍ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.
അതേസമയം, എസ്.എന്‍.ഡി.പിയിലെ വിമതവിഭാഗവും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. എസ്.എന്‍.ഡി.പി യോഗം റിസീവര്‍ ഭരണത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
എസ്.എന്‍.ഡി.പിയിലെ പ്രാതിനിധ്യ വോട്ടവകാശ രീതി ഹൈക്കോടതി റദ്ദാക്കിയത് വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കും കനത്ത തിരിച്ചടിയായിരുന്നു ഏല്‍പിച്ചിരുന്നത്.
കമ്പനി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഇളവ് ഉപയോഗിച്ചായിരുന്നു 200 പേര്‍ക്ക് ഒരു വോട്ട് എന്ന രീതി തുടര്‍ന്ന് വന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചതോടെ എസ്.എന്‍.ഡി.പിയിലെ സംഘടനാ തെരഞ്ഞെടുപ്പ് പോലും നീണ്ടുപോവുന്ന അവസ്ഥയിലാണ്.