തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നു. കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. ഗൗരവമേറിയ കേസുകള്‍ ഒഴികെ മറ്റ് കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം.
കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്ന കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏഴ് ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേരള സര്‍ക്കാര്‍ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കേസുകളെടുത്തത്.
മാസ്‌ക് ധരിക്കാത്തതിന് 500 രൂപ മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ വരെ പിഴ പൊലീസ് ഈടാക്കിയിരുന്നു. നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴയും ഈടാക്കി.
പിഴടയക്കാത്തവരുടെയും ഗൗരവമായ കുറ്റകൃത്യം ചെയ്തവര്‍ക്കുമെതിരായ തുടര്‍ നടപടികള്‍ പൊലീസ് കോടതിയിലേക്ക് വിട്ടു. പല കേസിലും കുറ്റപത്രം സമര്‍പ്പിച്ചു, ചില കേസുകളില്‍ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തത്.
കോടതികളില്‍ കേസുകള്‍ പെരുകിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയം പരിശോധിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശം ഉണ്ടായിരുന്നു. ഇതനുസരിച്ച് കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ആഭ്യന്തര സെക്രട്ടറി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. ഓരോ കേസും പരിശോധിച്ച് പിന്‍വലിക്കാവുന്ന കേസുകളുടെ വിവരം നല്‍കാനാണ് ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
നിയന്ത്രണം ലംഘിച്ച് കടകള്‍ തുറന്ന് ആള്‍ക്കൂട്ടമുണ്ടാക്കിയതും, പൊതു ചടങ്ങുകളും ജാഥയും നടത്തിയതും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന അക്രമ സംഭവങ്ങള്‍ നടന്നതുമടക്കം ഗൗരവമേറിയ കേസുകള്‍ പിന്‍വലിക്കില്ല. പെറ്റിക്കേസുകളാകും പിന്‍വലിക്കുക.
കേസ് പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഈ മാസം 29ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ഡി.ജി.പി എന്നിവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്നും 35 കോടിയിലധികം രൂപയാണ് പല കേസുകളിലായി പിഴ ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്. പിഴ ചുമത്തിയവരില്‍ പലരും ഇനിയും പിഴ തുക അടച്ചില്ലെന്നാണ് വിവരം. ഇതിനിടെയാണ് കൂട്ടത്തോടെ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം.
Content Highlight: Kerala government is preparing to withdraw the cases of violation of Covid19 restrictions