| Friday, 30th July 2021, 11:02 pm

നിലവിലെ നിയന്ത്രണത്തിലെ അശാസ്ത്രീയത ചര്‍ച്ചയാക്കി അവലോകന യോഗം; ലോക്ഡൗണില്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗം തേടിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ടി.പി.ആര്‍. അനുസരിച്ചുള്ള അടച്ചുപൂട്ടലിന് ശേഷവും കൊവിഡ് വ്യാപനം കുറയാത്തതിനാല്‍ സര്‍ക്കാര്‍ ബദല്‍മാര്‍ഗം തേടുന്നു.

ബുധനാഴ്ചക്കുള്ളില്‍ ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി യോഗത്തില്‍ ക്ഷുഭിതനായി.

ടി.പി.ആര്‍. അടിസ്ഥാനത്തില്‍ നിയന്ത്രണം ഇനി തുടരണമോ എന്ന കാര്യത്തില്‍ ബുധനാഴ്ചക്കകം ഉത്തരം നല്‍കാനാണ് വിദഗ്ദസമിതിക്കും ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

നിലവിലെ നടപടികള്‍ പ്രായോഗികമാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി.പി.ആര്‍. അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരണമോയെന്ന് മുഖ്യമന്ത്രി യോഗത്തില്‍ സംശയം പ്രകടിപ്പിച്ചു.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ അടച്ചിടലിനെതിരെ വ്യാപാരികളില്‍ നിന്നുയര്‍ന്ന പ്രതിഷേധവും വികാരവും പൊതുജനങ്ങള്‍ക്കിടയിലും ശക്തമാവുന്നതിനിടയിലാണ് അവലോകന യോഗത്തിലെ നാടകീയ സംഭവങ്ങള്‍ പുറത്തുവരുന്നത്.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ടന്നാണ് സൂചന.

അതേസമയം, എല്ലാ ദിവസവും സംസ്ഥാനത്ത് കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു.

ടി.പി.ആര്‍. അനുസരിച്ചുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് പിന്‍വലിക്കാനുള്ള നിര്‍ദേശമുണ്ടാകണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ലോക്ഡൗണ്‍ കാരണം കടകള്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ വ്യാപാരികള്‍ ദുരിതത്തിലാണെന്നും വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അതിജീവന പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Kerala government is looking for an alternative as the spread of Covid has not abated even after the closure.

We use cookies to give you the best possible experience. Learn more