| Saturday, 17th September 2022, 9:23 pm

UAPA | Kerala Government | യു.എ.പി.എ കേസുകളില്‍ സി.പി.ഐ.എം നലപാടിനൊപ്പം പിണറായി സര്‍ക്കാരും | D Kerala

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യു.എ.പി.എ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന ഹരജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഹരജി പിന്‍വലിക്കാനുള്ള തീരുമാനം സ്റ്റാന്റിങ് കോണ്‍സെല്‍ മുഖേനെ സുപ്രീം കോടതിയെ അറിയിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഹരജി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യു.എ.പി.എ. വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച ജസ്റ്റിസ് എം.ആര്‍. ഷാ, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് രൂപേഷിന് നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍, യു.എ.പി.എ നിയമത്തെ കരിനിയമം എന്നാണ് സി.പി.ഐ.എം വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള ഒരു നിയമം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത് പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തത്തിലാണ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ടത്.

CONTENT HIGHLIGHTS:  Kerala government has moved the Supreme Court seeking the withdrawal of the plea seeking reinstatement of the UAPA sections in the cases against Maoist leader Rupesh

ഡൂള്‍ന്യൂസ് ഡെസ്‌ക്