കേന്ദ്രം വെട്ടിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും; സപ്ലിമെന്ററിയായി പാഠപുസ്തകങ്ങള്‍ ഇറക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍
Kerala News
കേന്ദ്രം വെട്ടിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും; സപ്ലിമെന്ററിയായി പാഠപുസ്തകങ്ങള്‍ ഇറക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th April 2023, 2:53 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍. എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ മുഗള്‍ ചരിത്രം ഗുജറാത്ത് കലാപം അടക്കമുള്ള ഒഴിവാക്കിയ ഭാഗങ്ങള്‍ പഠിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്.സി.ഇ.ആര്‍.ടി ഇതിനായി സപ്ലിമെന്ററിയായി പാഠപുസ്തകങ്ങള്‍ പുറത്തിറക്കും.

സംസ്ഥാന സര്‍ക്കാരിന്റെ കരിക്കുലം കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ എന്‍.സി.ഇ.ആര്‍.ടി സിലബസിലുള്ള വെട്ടിമാറ്റലുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കരിക്കുലം കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി എന്‍.സി.ഇ.ആര്‍.ടി, 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നത്. മുഗള്‍ ചരിത്രത്തിന് പുറമെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സമരങ്ങളുടെ ചരിത്രവും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

സിലബസ് പരിഷ്‌കരണത്തിന് നിരവധിയായ കാരണങ്ങളുണ്ടെന്നാണ് എന്‍.സി.ഇ.ആര്‍.ടി പറയുന്നത്. ഒരേ ക്ലാസിലെ തന്നെ മറ്റ് പാഠ്യവിഷയങ്ങളില്‍ സമാന സ്വഭാവമുള്ള പാഠങ്ങള്‍ വരുന്നതും, താഴ്ന്ന ക്ലാസുകളിലോ ഉയര്‍ന്ന ക്ലാസുകളിലോ ഇതേ വിഷയങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതു കൊണ്ടോ ആണ് ഇപ്പോള്‍ ഈ ഒഴിവാക്കല്‍ നടത്തിയിരിക്കുന്നതെന്നാണ് എന്‍.സി.ഇ.ആര്‍.ടിയുടെ വിശദീകരണം. ഹിന്ദി പുസ്തകങ്ങളില്‍ നിന്ന് ചില കവിതകളും നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.