| Tuesday, 17th July 2018, 10:37 am

വാക്ക് പാലിച്ച് കേരള സര്‍ക്കാര്‍; നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിപാ രോഗിയെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് മരണമടഞ്ഞ കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ആരോഗ്യവകുപ്പിന്റെ കീഴില്‍ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലാണ് ജോലി നല്‍കിയിട്ടുള്ളത്.


നിപ്പാ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും: ആരോഗ്യ മന്ത്രി


ലിനിയുടെ ഭര്‍ത്താവായ സജേഷിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കേരള സര്‍ക്കാര്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുന്നതായി ഉത്തരവിന്റെ ചിത്രത്തോടൊപ്പം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് ഡി.എം.ഒ ഓഫീസില്‍ എല്‍.ഡി.ക്ലാര്‍ക്കായി സജേഷിന് നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാരിറക്കിയത്.

ലിനിയുടെ ഭര്‍ത്താവായ സജേഷ് മനാമയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സമയത്താണ് നാട്ടില്‍ നിപാ പടരുന്നതും പരിചരിച്ച രോഗിയില്‍ നിന്നും അസുഖം പിടിപെട്ട് ലിനി മരണമടയുന്നതും. താല്‍ക്കാലിക നഴ്‌സായി ജോലി ചെയ്തിരുന്ന ലിനിയുടെ ആത്മാര്‍ത്ഥയെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ലോകാരോഗ്യ സംഘടനയും ലിനിക്ക് ആദരം അര്‍പ്പിച്ചിരുന്നു.


മറന്നു പോയെങ്കില്‍ ഓര്‍ക്കുക, ലിനി, റസാന്‍ അല്‍ നജ്ജാര്‍, സലോമി കര്‍വ’; ലോകാരോഗ്യ സംഘടന ആദരമറിയിച്ച മൂന്ന് വനിതകള്‍


നിപാ ബാധിച്ച ലിനിയുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ലിനിയുടെ രണ്ടു കുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള പഠനച്ചെലവ് പ്രവാസി വനിതകളുടെ നേതൃത്വത്തിലുള്ള അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more