കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളത്തിനായ് തിരുവിതാംകൂര്‍ രാജ്യം അന്ന് നല്‍കിയ 258.06 ഏക്കര്‍ നിലവില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. ഇതോടൊപ്പം 2003ല്‍ 27 ഏക്കര്‍ ഭൂമി സൗജന്യമായി ഏറ്റെടുത്തു നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
സ്വകാര്യവല്‍ക്കരണം ഉണ്ടാവില്ലെന്നാണ് ഭൂമി കൈമാറുമ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചതെന്നും അങ്ങനെ ആലോചിക്കുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം കൂടിയാലോചനകള്‍ ഇല്ലാതെയാണ് വിമാനത്താവളം സ്വകാര്യവല്‍കരിച്ചതെന്നും ഹരജിയില്‍ പറയുന്നു.
വിമാനത്താവളം മറ്റാര്‍ക്കെങ്കിലും നല്‍കുന്നുവെങ്കില്‍ രണ്ടു വിമാനത്താവളം നടത്തി പരിചയമുള്ള കേരള സര്‍ക്കാരിന് തന്നെ നല്‍കണം. ദല്‍ഹി, മുംബൈ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ മുന്‍പരിചയം നിര്‍ബന്ധമായിരുന്നു.സംസ്ഥാന സര്‍ക്കാരിന് യോഗ്യതയുള്ളതിനാലാണ് മുന്‍ പരിചയമെന്ന വ്യവസ്ഥ കേന്ദ്രം ഒഴിവാക്കിയതെന്നും ഹരജി പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.