സംസ്ഥാനത്തെ ഭൂമി കൈയേറ്റക്കേസുകളില്‍ മെല്ലെപ്പോക്ക്. രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ പകുതിയിലേറെ കൈയേറ്റങ്ങളും ഒഴിപ്പിക്കാനായിട്ടില്ലെന്ന് റവന്യൂ രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 1477 ഭൂമികൈയേറ്റക്കേസുകളാണ്. ഇതില്‍ 605 കേസുകളില്‍പ്പെട്ട ഭൂമി മാത്രമാണ് സര്‍ക്കാരിന് തിരിച്ചുപിടിക്കാനായത്.
605 കേസുകളിലായി 196.64 ഹെക്ടറിലെ കൈയേറ്റമാണ് സര്‍ക്കാര്‍ ഒഴിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കൈയേറ്റക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പാലക്കാട്ട് 259 കേസുകളില്‍പ്പെട്ട് ഭൂമി ഒഴിപ്പിച്ചെങ്കിലും 1.42 ഹെക്ടര്‍ മാത്രമെ തിരിച്ചുപിടിക്കാനായിട്ടൊള്ളൂ. 511 കൈയേറ്റക്കേസുകളാണ് പാലക്കാട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ നിയമനടപടികളുടെ കാലതാമസമാണ് ഭൂമി ഏറ്റെടുക്കുന്നത് പെട്ടെന്ന് തീര്‍പ്പാകാത്തതിന് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
അതേസമയം കേസുകളുടെ എണ്ണത്തില്‍ ആറാമതാണെങ്കിലും ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി തിരിച്ചുപിടിച്ചത്. 115 കേസുകളുള്ള ഇവിടെ 61 എണ്ണത്തില്‍ 179 ഹെക്ടര്‍ തിരിച്ചുപിടിച്ചു. തലസ്ഥാനത്ത് 3.56 ഹെക്ടറാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. 83 ഭൂമി കൈയേറ്റകേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 56 കേസുകളിലും കൈയേറ്റം ഒഴിപ്പിച്ചു. കൊല്ലത്ത് പകുതിയോളം കേസുകള്‍ ഒഴിപ്പിച്ചെങ്കിലും 0.47 ഹെക്ടറാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് കൈയേറ്റക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കോട്ടയത്താണ്. ആകെ റിപ്പോര്‍ട്ട് ചെയ്ത 16 കേസുകളില്‍ 6 എണ്ണവും സര്‍ക്കാര്‍ ഒഴിപ്പിച്ചു. തോമസ് ചാണ്ടിയുടെ കായല്‍കൈയേറ്റവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ ആലപ്പുഴ ജില്ലയില്‍ 97 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജില്ലയില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിന് അധികം മുന്നോട്ടുപോകാനായിട്ടില്ലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. 18 കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതുവഴി 1.62 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്.
മലപ്പുറത്ത് 43 കൈയേറ്റക്കേസുകളില്‍ 27 എണ്ണം ഒഴിപ്പിച്ചപ്പോള്‍ കോഴിക്കോട് 39 എണ്ണത്തില്‍ വെറും അഞ്ചെണ്ണം മാത്രമാണ് ഒഴിപ്പിക്കാനായത്. അതേസമയം അവകാശികളില്ലാത്ത ഭൂമി ഏറ്റെടുത്ത വകയില്‍ കോഴിക്കോട് നിന്നാണ് കൂടുതല്‍ ഭൂമിയും സര്‍ക്കാരിന് ലഭിച്ചത്. 1699 ഹെക്ടറാണ് കോഴിക്കോട് നിന്ന് മാത്രം സര്‍ക്കാരിന് ലഭിച്ചത്. സംസ്ഥാനത്തൊട്ടാകെ 1723.66 ഹെക്ടറാണ് അവകാശികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.
അതേസമയം നിയമപരമായ നടപടികളാണ് കൈയേറ്റമൊഴിപ്പിക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറയുന്നു. ” ഭൂമി കൈയേറ്റം ബോധ്യപ്പെട്ടാല്‍ തഹസില്‍ദാര്‍ കക്ഷിക്ക് നോട്ടീസ് നല്‍കും. ഈ കേസില്‍ കക്ഷിക്ക് ആര്‍.ഡി.ഒ., കളക്ടര്‍ തലങ്ങളില്‍ അപ്പീല്‍ പോകാന്‍ അവകാശമുണ്ട്. ചിലപ്പോള്‍ കോടതിയിലും കേസെത്തും. ഇതുകൊണ്ടാണ് പലതിലും ഒഴിപ്പിക്കല്‍ വൈകുന്നത്.” – മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈയേറ്റം കണ്ടെത്തിയാല്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കണം. പിന്നീടു ഭൂസംരക്ഷണ നിയമം, ഭൂസംരണക്ഷണ ഭേദഗതി നിയമം എന്നിവ പ്രകാരം കൈയേറ്റക്കാര്‍ക്കു നോട്ടീസ് നല്‍കുകയും 15 ദിവസം സാവകാശം നല്‍കി ഭൂമി സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടുകയും ചെയ്യണമെന്നാണ് നിയമം. കൈയേറ്റക്കാരുടെ വാദവും കേട്ട ശേഷമാകണം നടപടി.
ചില കൈയേറ്റ കേസുകള്‍ മനുഷ്യത്വപരമായ കാരണങ്ങളാല്‍ ഒഴിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ചെറിയ കൈയേറ്റങ്ങളെ ഇത്തരത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കുന്നില്ല. മൂന്നാറിലും മറ്റും ചെറുകിട, നാമമാത്ര കൃഷിക്കാരുടെ കൈവശഭൂമി ഒഴിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വന്‍കിട, ചെറുകിട മാനദണ്ഡം ഒഴിപ്പിക്കലില്‍ നോക്കണമെന്നും പറഞ്ഞിരുന്നു.
അതേസമയം നേരത്തെ കേരളത്തില്‍ വിവിധ മതവിഭാഗങ്ങളുടേതായി പൊതുസ്ഥലം കയ്യേറി നിര്‍മ്മിച്ചത് 769 ആരാധനാലയങ്ങളെന്ന് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2011 ഡിസംബര്‍ 31 ന് മുമ്പ് രാജ്യത്ത് കൈയേറി നിര്‍മ്മിച്ചിരിക്കുന്ന മുഴുവന്‍ ആരാധനാലയങ്ങളും പൊളിച്ചു മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും അതിനുശേഷവും ആരാധനാലയങ്ങളുടെ അനധികൃത നിര്‍മ്മാണം നടന്നിരുന്നുവെന്നാണ് വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ആരാധനാലയങ്ങള്‍ ഇത്തരത്തില്‍ കൈയേറ്റം നടത്തുന്നത് വര്‍ധിച്ചുവരികയാണെന്നാണ് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.