| Saturday, 16th February 2019, 8:01 pm

പള്ളി സ്വത്തുക്കള്‍ക്ക് ഇനി നിയന്ത്രണം; ചര്‍ച്ച് ആക്ടുമായി സര്‍ക്കാര്‍; എതിര്‍പ്പുമായി സഭകള്‍

അശ്വിന്‍ രാജ്

വിശ്വാസികളുടെ നീണ്ട നാളത്തെ ആവശ്യം മുന്‍ നിര്‍ത്തി കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെയും പള്ളികളുടെയും സ്വത്തുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന് മുന്നോടിയായി സ്വത്തുക്കളുടെ നിയന്ത്രണം സംബന്ധിച്ച് കരട് ബില്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ 2019ന് എന്ന് പേരിട്ടിരിക്കുന്ന കരട് രൂപം ജസ്റ്റീസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവും വിവിധ സഭകളിലെ സ്വത്ത് തര്‍ക്കവും മുന്‍ നിര്‍ത്തി ചര്‍ച്ച് ആക്ടിനെ കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായിരുന്നു. ബില്‍ നിലവില്‍ വരുന്നതോടെ വിവിധ സഭകള്‍ക്ക് കീഴിലെ സ്വത്തുകളില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ വരും. എല്ലാ വര്‍ഷവും സഭകളിലെ വരവ് ചിലവ് കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും വേണം.

സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കാനും ബില്ലില്‍ പറയുന്നുണ്ട്. ഏകാംഗ/മൂന്നംഗ ട്രൈബ്യൂണല്‍ ഇതിനായി രൂപീകരിക്കണം. റിട്ട. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലാണ് ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടത്. ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള ഒരാള്‍, വിരമിച്ച ഗവ.സെക്രട്ടറി എന്നിവരായിരിക്കും മൂന്നംഗ ട്രൈബ്യൂണലിലെ മറ്റ് അംഗങ്ങളായി ഉണ്ടാവേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.

ബില്ലിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമുള്ള സംശയങ്ങളും ആശങ്കകളും രേഖാമൂലം കമ്മീഷനെ അറിയിക്കാനും സൗക്യര്യമുണ്ട്. ഇതിനാായി മാര്‍ച്ച് മാസം 6, 7 തിയ്യതികളില്‍ കമ്മീഷന്‍ കോട്ടയത്ത് യോഗം ചേരും. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അഭിപ്രായം കൂടി പരിഗണിച്ച ശേഷം ബില്ലിന് കമ്മീഷന്‍ അന്തിമ രുപം നല്‍കുകയുള്ളു. തുടര്‍ന്ന് ബില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കരട് ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാര്‍ച്ച് ആറിനുള്ളില്‍ keralalawreforms@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

സഭകളും പള്ളികളും ഇതിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളും മുഴുവന്‍ വരവ് – ചിലവ് കണക്കുകളും സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥന്റെ മുമ്പാകെ സമര്‍പ്പിക്കണം കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരിശോധിക്കുകയും സഭയുടെയും മറ്റും പ്രതിനിധികള്‍ ഉള്ള യോഗത്തില്‍ അവതരിപ്പിക്കുകയും വേണം.

സഭയിലേക്ക് വരുന്ന മുഴുവന്‍ വരുമാനവും സര്‍ക്കാരിനെ ബോധിപ്പിക്കണം, വിവിധ രൂപത്തിലുള്ള സ്വത്തുക്കളും സര്‍ക്കാരിനെ ബോധിപ്പിക്കേണ്ടതുണ്ട്. മെമ്പര്‍ ഷിപ്പ് തുക, സംഭാവനകള്‍, വിവിധ ഫണ്ടുകള്‍ എന്നിവയും സര്‍ക്കാരിനെ അറിയിക്കണം. ഈ ബില്‍ നിയമമാകുന്ന ദിവസം മുതല്‍ നടപ്പില്‍ വരുമെന്നും ബില്ലില്‍ പറയുന്നുണ്ട്.

ചര്‍ച്ച് ആക്ട് ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് സി.എസ്.ഐ സഭ ഡയോസിസ് സെല്‍ അംഗവും നിയമകാര്യസമിതി മുന്‍ അംഗവുമായിരുന്ന ജീവാനന്ദ് ജോണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എല്ലാം ദൈവീകമാണ് എന്നും ദൈവഹിതമാണ് എന്നും പറഞ്ഞ് വിശ്വാസികളെയും നിയമ വ്യവസ്ഥയെയും പരിഹസിക്കുകയാണ് ഇവിടുത്തെ വിവിധ സഭാമേലധികാരികള്‍. സഭകളുടെയും പള്ളികളുടെയും സ്വത്തുക്കള്‍ വിശ്വാസികളുടെതാണ്. നോക്കി നടത്താനാണ് വിവിധയാളുകളെ എല്‍പ്പിച്ചത്. എന്നും ജീവാനന്ദ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അതേസമയം കരട് ബില്ലിനെ എതിര്‍ത്ത് വിവിധ സഭകള്‍ രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതു സഭയുടെ അവകാശങ്ങള്‍ കവരാനാണെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. ആക്ടിന്റെ ഭാഗമായി ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനം ബാഹ്യഇടപെടലിനുള്ള ശ്രമമാണെന്നും സുസപാക്യം ആരോപിക്കുന്നു.

ചര്‍ച്ച് ആക്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍നീക്കം അപലപനീയമാണെന്നും ഇതു പുനഃപരിശോധിക്കണമെന്നും സിറോ മലബാര്‍ മാതൃവേദിയും ആവശ്യപ്പെട്ടിട്ടുണ്ട്. സഭയില്‍ കാനന്‍ നിയമപ്രകാരമുള്ള സാമ്പത്തിക സമിതികളും അതിനെ നിയന്ത്രിക്കാന്‍ മറ്റു സമിതികളും നിലവിലുണ്ടെന്നും സഭാസമിതികളില്‍ അല്‍മായ പ്രാതിനിധ്യവുമുണ്ടൈന്നും സിറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി റീത്താമ്മ പറഞ്ഞു.

സഭാതലത്തില്‍ ഇവയൊക്കെ നിയന്ത്രിക്കാനും നീതി നടപ്പാക്കാനും സംവിധാനങ്ങളുണ്ടായിരിക്കെ ബാഹ്യഇടപെടലിലൂടെ സഭയുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢാലോചനയുടെ പരിണിതഫലമാണ് ചര്‍ച്ച് ആക്ടിന്റെ കരട് ബില്‍ എന്നും റീത്താമ്മ പറഞ്ഞു.

DoolNews video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more