| Saturday, 4th August 2018, 12:13 pm

കേരളം വീണ്ടും മാതൃകയാകുന്നു; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി മഹാരാജാസില്‍ കഴിഞ്ഞ ദിവസം പ്രവീണ്‍ എത്തിയത് തന്റെ ഏറെ നാളത്തെ ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായിട്ടാണ്. ട്രാന്‍സ്‌ജെന്ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പ്രവീണടക്കമുള്ള ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവര്‍ കോളേജ് തലത്തില്‍ പഠനം പൂര്‍ത്തിയാക്കാന്‍ എത്തിയത്.

സംസ്ഥാനത്തെ കലാലയങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി രണ്ടുശതമാനം സീറ്റാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോളേജില്‍ പഠനം നടത്താന്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ മുന്നോട്ട് വരുന്നതുള്‍പ്പടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമത്തിനായി നടത്തുന്ന പദ്ധതികളുടെ വിജയമാണ് പ്രവീണിന്റേതടക്കമുള്ളവരുടെ ജീവിതം എന്ന് പറയാവുന്നതാണ്.

Image result for transgenders in kochi metro

സമാനമായ രീതിയില്‍ കേരളത്തിന്റെ സ്വപ്‌ന സാഫല്യമായ കൊച്ചി മെട്രോയിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ക്ക് മെട്രോയില്‍ തൊഴില്‍ നല്‍കി സര്‍ക്കാര്‍ വീണ്ടും മാതൃകയായിരിക്കുകയാണ്.

ഇപ്പോഴിതാ ട്രാന്ഡസ്‌ജെന്‍ഡറുകളുടെ സാമൂഹിക വികസനത്തിന് പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. സ്ത്രീയായോ പുരുഷനായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ് വിഭാഗത്തെ ഏറെ ബാധിക്കുന്ന വിഷയം സാമ്പത്തികമാണ്.


ALSO READ: ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് മഹാരാജാസ് കോളേജ്: ഇടപെടൽ എസ്.എഫ്.ഐ യൂണിയന്റേത്


ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ലക്ഷങ്ങള്‍ വേണമെന്നിരിക്കെ ഇത് ട്രാന്‍സ് വിഭാഗങ്ങളുടെ ഐഡന്റിറ്റിയെ തന്നെ ബാധിക്കുന്നു. അതേസമയം ഇതിനൊരു പരിഹാരമെന്നോണം സര്‍ക്കാര്‍ പുതിയ നിയമത്തിന് അടിത്തറയിട്ടിരിക്കുകയാണ്. തൊഴിലും വിദ്യാഭ്യാസവും ഇവര്‍ക്ക് നല്‍കിയതിനു പിന്നാലെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി വന്ന സമയത്ത് വളരെയധികം ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതോടെ   ഒരുപാട് മാറ്റങ്ങള്‍ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് ട്രാന്‍ജെന്‍ഡറും ക്വീര്‍ റിഥം സംഘടന പ്രവര്‍ത്തക കൂടിയായ ശ്യാമ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. മൊത്തത്തില്‍ സമൂഹത്തിന് ഒരു ബോധവല്‍ക്കരണം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കും പോളിസികള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

ഒരുപാട് ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഴവില്ല് എന്ന കുടക്കീഴില്‍ ട്രാന്‍സജെന്‍ഡര്‍ ക്ഷേമ പദ്ധതികള്‍ ഒക്കെ ചേര്‍ത്ത്‌ക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിനോടനുബന്ധമായി ഒരു ഹെല്‍പ്പ് ലെന്‍ സംവിധാനം കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിച്ചുവെന്നും ശ്യാമ പറഞ്ഞു.

ഞങ്ങളും പൊതു സമൂഹത്തിന്റെ ഭാഗമാണെന്നും സമൂഹത്തില്‍ അംഗീകരിക്കപ്പെടെണ്ടവരാണെന്നും സ്വാഭാവിക ജീവിതം അവകാശമുള്ളവരാണെന്നുമുള്ള ഒരു ബോധ്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞു. വിദ്യാഭ്യാസം നിഷേധിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം നല്‍കിക്കൊണ്ടും തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കിക്കൊണ്ടും മാറ്റങ്ങള്‍ കേരളത്തില്‍ ദൃശ്യമാണ്.


ALSO READ: പെണ്‍കുട്ടികളിലെ പ്രണയരോഗം ചികിത്സിച്ച് മാറ്റുമെന്ന് എസ്.എസ്.എം തര്‍ബ്ബിയ: നിയമനടപടി സ്വീകരിക്കണമെന്ന് സൈക്കോളജിസ്റ്റുകള്‍


മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ട്രാന്‍സ് വിഭാഗത്തിന് ലഭിക്കുന്ന ഔദ്യോഗികമായ അംഗീകാരത്തിന് കൂടി ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നല്‍കുന്ന ധനസഹായം എന്നു തന്നെ പറയാവുന്നതാണ്- ശ്യാമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ ഇപ്പോള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നല്‍കുന്ന സഹായധനം രണ്ടു ലക്ഷം രൂപയാണ്. എന്നാല്‍ ട്രാന്‍സ്‌മെനിന് ശസ്ത്രകിയ നടത്താന്‍ ഇതിലും കൂടുതല്‍ തുക ആവശ്യമായി വരുന്നുണ്ട്. എന്നിരുന്നാലും ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ വളരെ പോസീറ്റിവായി തന്നെയാണ് കാണുന്നത്.

അതിന് ഉദാഹരണമാണ് മഹാരാജാസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയ്ക്ക് പ്രവേശനം നല്‍കിയ സംഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നയങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ശ്യാമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട, ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. സാമൂഹിക നീതി വകുപ്പ് മുഖേനയാണ് ഈ തുക ഇവര്‍ക്ക് നല്‍കുകയെന്നും സര്‍ക്കാര്‍ നയരേഖയില്‍ പറയുന്നു.


ALSO READ; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നു


ലിംഗമാറ്റ ശസ്ത്രക്രിയ സംസ്ഥാനത്തിന് അകത്തോ പുറത്തോ നടത്താം. തുടര്‍ന്ന് അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കുന്നതാണെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതേസമയം ശസ്ത്രക്രിയ ചെലവ് സ്വയം വഹിച്ചവര്‍ക്ക് ആ തുക തിരികെ നല്‍കാനും സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍ദ്ദേശങ്ങളുണ്ട്.

സംസ്ഥാനത്തെ സ്ത്രീ-പുരുഷ-ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളുടെ ലിംഗ സമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നേരത്തേ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more