മയക്കമരുന്നിനെ തുരത്താന്‍ കേരളം നാളെ മുതല്‍ 'രണ്ട് കോടി' ഗോളടിക്കും
Kerala News
മയക്കമരുന്നിനെ തുരത്താന്‍ കേരളം നാളെ മുതല്‍ 'രണ്ട് കോടി' ഗോളടിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th November 2022, 11:51 pm

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോള്‍ ചലഞ്ചി’ന് ബുധനാഴ്ച തുടക്കമാകും. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കോടി ഗോളടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പരിപാടിയില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും പൊതു- സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐ.ടി. പാര്‍ക്കുകളിലും അയല്‍ക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഡിസംബര്‍ 18ന് ഗോള്‍ ചലഞ്ച് അവസാനിക്കും. രണ്ടാംഘട്ട മയക്കുമരുന്ന് വിരുദ്ധ പ്രചാരണം ജനുവരി 26 വരെയാണ്. ഗോള്‍ ചലഞ്ചില്‍ എല്ലാവരും അണിചേരണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അഭ്യര്‍ഥിച്ചു.

വാര്‍ഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ഒരു ഗോള്‍ പോസ്റ്റ് തയ്യാറാക്കി വെച്ച്, എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വന്ന് ഗോളടിക്കാന്‍ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോള്‍ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും.

ലോകകപ്പ് മത്സരങ്ങളുടെ പൊതു പ്രദര്‍ശന കേന്ദ്രങ്ങള്‍ക്ക് സമീപം പോസ്റ്റുകളൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനതലത്തില്‍ ലോകകപ്പ് മത്സരങ്ങളുടെ പ്രദര്‍ശനമുണ്ടാകും. ലഹരിക്കെതിരെയുള്ള ബോധവത്കരണ വീഡിയോകളും പ്രദര്‍ശിപ്പിക്കും.

എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡിലും വിദ്യാലയങ്ങളിലും നവംബര്‍ 17 മുതല്‍ 25 വരെയാണ് ക്യാമ്പയിന്‍. സാധ്യമായ ഇടങ്ങളില്‍ ഡിസംബര്‍ 18 വരെ ഗോള്‍ പോസ്റ്റ് നിലനിര്‍ത്തും. പെനാലിറ്റി ഷൂട്ടൗട്ട് മത്സരം, ഫുട്‌ബോള്‍ ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നവംബര്‍ 17, 18 തീയതികളില്‍ ഗോള്‍ ചലഞ്ച് നടക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍, ഐ.ടി. പാര്‍ക്കുകള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 10വരെ ഗോള്‍ ചലഞ്ച് നടത്തുന്നത്. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കാം.

ബസ് സ്റ്റാന്‍ഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബര്‍ 10 മുതല്‍ 18 വരെ ഫ്‌ലാഷ് മോബിന്റെ അകമ്പടിയോടെ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഇതിന് പുറമേ സംസ്ഥാന- ജില്ലാ-തദ്ദേശ സ്ഥാപന തലത്തില്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍, കേരള ഒളിമ്പിക് അസോസിയേഷന്‍, തദ്ദേശ സ്ഥാപനതല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Content Highlight: Kerala Govt Anti-Drug Campaign; Two Crore Goal Challenge