| Wednesday, 4th April 2018, 9:18 pm

ഒടുവില്‍  പ്രതിഷേധം ഫലം കണ്ടു: വോളിബോള്‍ താരങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ പാരിതോഷികം നല്‍കി സര്‍ക്കാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോഴിക്കോട്: വോളീബോളിനെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വോളീബോള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു. ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരളത്തിന്റെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീം അംഗങ്ങള്‍ക്ക് 1.5 ലക്ഷം രൂപയും ജോലി ഇല്ലാത്ത താരങ്ങള്‍ക്ക് ജോലിയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കോഴിക്കോട് വച്ച് നടന്ന ദേശീയ സീനിയര്‍ വോളിയില്‍ കരുത്തരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്.

കരുത്തരായ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ചാണ് കേരള ടീം സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയത്. ഏപ്രില്‍ ആറിന് കേരളത്തിലുടനീളം വിജയദിനമായി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേ ദിവസം സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കേരളാ ടീമിന് സ്വീകരണം നല്‍കും. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.


Read Also : എല്ലാ നാട്ടിലും സ്വീകരണം കൊടുത്തു, പക്ഷേ ഞങ്ങള്‍ മാത്രം ഒറ്റപ്പെട്ടു; പ്രതിഷേധവുമായി സീസനും ലിജോയും


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റില്‍ വോളീബോള്‍ ആരാധകര്‍ ശക്തമായ പ്രതിഷേധം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കൂടാതെ മുന്‍ ഇന്ത്യന്‍ നായകനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. “അധികാരികളെ മറക്കരുത്. വോളിബോളില്‍ അടുത്തിടെ ദേശീയ തലത്തില്‍ രണ്ട് ചമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ഒരു ടീമുണ്ട്. അതേ നമ്മുടെ കേരഇത്തില്‍ നിന്ന് തന്നെ. സ്വീകരണം അവര്‍ക്കുമാകാം” എന്നായിരുന്നു ടോം ഫേസ്ബുക്കില്‍ കുറിച്ചത്. മുന്‍ ഇന്ത്യന്‍ നായകനും ബി.പി.സില്‍ താരവുമായ കിഷോര്‍ കുമാറും അവഗണനക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കിരീടം ചൂടിയ കേരള ടീം അംഗങ്ങള്‍ക്കും കേരള സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. കേരള ടീമിന്റെ 20 അംഗങ്ങള്‍ക്കും മുഖ്യപരിശീലകനും രണ്ട് ലക്ഷം രൂപ വീതവും, മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ പാരിതോഷികം നല്‍കും.

ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാനും കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് സ്വദേശിയായ കേരളാ ടീമിന്റെ മുന്നേറ്റ താരം രാഹുല്‍ കെ.പിക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു.

We use cookies to give you the best possible experience. Learn more