കോഴിക്കോട്: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കിരീടം ചൂടിയ കേരള ടീം അംഗങ്ങള്‍ക്ക് പാരിതോഷികവുമായി കേരള സര്‍ക്കാര്‍.
കേരള ടീമിന്റെ 20 അംഗങ്ങള്‍ക്കും മുഖ്യപരിശീലകനും രണ്ട് ലക്ഷം രൂപ വീതവും, മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ പാരിതോഷികം നല്‍കും.
ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാനും കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് സ്വദേശിയായ കേരളാ ടീമിന്റെ മുന്നേറ്റ താരം രാഹുല്‍ കെ.പിക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു.
അതോടൊപ്പം ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരളത്തിന്റെ താരങ്ങള്‍ക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ടീമില്‍ അംഗങ്ങള്‍ക്ക് 1.5 ലക്ഷം രൂപ സമ്മാനമായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കോഴിക്കോട് വച്ച് നടന്ന ദേശീയ സീനിയര്‍ വോളിയില്‍ കരുത്തരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്.
കരുത്തരായ പശ്ചിമ ബംഗാളിനെ തോല്‍പ്പിച്ചാണ് കേരള ടീം സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയത്. ഏപ്രില്‍ ആറിന് കേരളത്തിലുടനീളം വിജയദിനമായി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേ ദിവസം സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കേരളാ ടീമിന് സ്വീകരണം നല്‍കും. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.