തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും എന്നാല്‍ ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച വിഷയത്തെ ഇന്നലെ ഗവര്‍ണര്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട് ആലോചിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയത് ശരിയായില്ല. ചിലര്‍ നിയമത്തിന് മുകളിലാണെന്നാണ് കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. എല്ലാവരും നിയമത്തിന് താഴെയാണ്.
വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തത ആവശ്യമുണ്ടെന്നും ഗവര്‍ണര്‍ പരഞ്ഞു.
ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് തൃപ്തി തോന്നണം. ഭരണഘടനയും നിയമവും ആരും മറി കടക്കരുത്. സഭ ചേരാനിരിക്കെ എന്തിനാണ് അതിന് മുന്‍പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതിന്റെ ആവശ്യം എന്താണ്? താന്‍ റബ്ബര്‍ സ്റ്റാമ്പല്ല.
വാര്‍ഡുകള്‍ പുനര്‍വിഭജനത്തിലെ പ്രതിസന്ധി മറികടക്കാന്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വീണ്ടും ഗവര്‍ണറെ സമീപിക്കാനായിരുന്നു ആലോചന.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ഗവര്‍ണര്‍ ശക്തമായ നിലപാടെടുത്തതോടെയാണ് സര്‍ക്കാരിന്റെ തീരുമാനം പ്രതിസന്ധിയിലായത്. 2011 സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ പുതുക്കി വിഭജിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ചുരുങ്ങിയത് ഒരു വാര്‍ഡെങ്കിലും ഓരോ തദ്ദേശസ്ഥാപനങ്ങളിലും കൂടുന്ന രീതിയിലായിരുന്നു ഓര്‍ഡിനന്‍സ്. രണ്ടാഴ്ച മുന്‍പ് ആണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനെതിരെ പരാതി നല്‍കിയിരുന്നു.
2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡുകള്‍ വിഭജിച്ചാല്‍ ഇനി നടക്കാന്‍ പോകുന്ന പുതിയ സെന്‍സസില്‍ കെട്ടിടങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെ മാറുമെന്നതായിരുന്നു പ്രധാന പരാതി. എന്നാല്‍ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നേരത്തേ തന്നെ വിശദീകരണം നല്‍കിയിരുന്നു. സെന്‍സസ് തീരും വരെ കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കില്ല എന്ന് വരെ സര്‍ക്കാര്‍ രണ്ടാമത്തെ മറുപടിയിലും വ്യക്തമാക്കി. എന്നാല്‍ അതിലും ഗവര്‍ണര്‍ തൃപ്തനായിരുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ