| Wednesday, 10th July 2019, 9:29 pm

പട്ടിണി കിടന്ന പശുക്കള്‍ക്ക് തീറ്റ എത്തിച്ച് കേരള സര്‍ക്കാര്‍; പ്രതികരിക്കാതെ സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലസ്ഥാനത്ത് സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള ഗോശാലയില്‍ പട്ടിണി കിടക്കുന്ന പശുക്കള്‍ക്ക് കാലിത്തീറ്റ എത്തിച്ച് പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ പട്ടിണിയിലാണെന്ന് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥലം ഇന്ന് സന്ദര്‍ശിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേരള ഫീഡ്‌സ് കാലിത്തീറ്റ നല്‍കിയത്.

ഇവിടുത്തെ മൃഗങ്ങളില്‍ ഭൂരിഭാഗവും കിടാരികളായതിനാല്‍ പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണെന്നു കണ്ടാണ് മന്ത്രി കാലിത്തീറ്റ നല്‍കാന്‍ നിര്‍ദേശിച്ചത്. കാലിത്തീറ്റ യഥാസമയം പശുക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍ നല്‍കിയിരിക്കുന്ന കാലിത്തീറ്റ തികഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇനിയും നല്‍കാന്‍ തയാറാണെന്ന് കേരള ഫീഡ്‌സ് എംഡി ഡോ ബി. ശ്രീകുമാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഗോശാലയില്‍ ഈ സ്ഥിതി ഉണ്ടായതെന്ന് അറിയില്ല. മിണ്ടാപ്രാണികളോടുള്ള ദീനാനുകമ്പ കണക്കിലെടുത്തതാണ് കേരളഫീഡ്‌സ് ഈ നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പശുക്കളുടെ പട്ടിണി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും മന്ത്രിമാരടക്കം ഗോശാല സന്ദര്‍ശിച്ചിട്ടും ട്രസ്റ്റില്‍ അംഗങ്ങളായ സുരേഷ് ഗോപി എം.പിയോ സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാറോ പ്രതികരണമെന്നും നടത്തിയിട്ടില്ല.

We use cookies to give you the best possible experience. Learn more