തിരുവനന്തപുരം: വൈദ്യ പരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഭേദഗതിക്ക് ഒരുങ്ങുന്നു. 2012ലെ നിയമത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയുള്ള ഭേദഗതിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിയമവകുപ്പിന്റെ കൂടി അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷമായിരിക്കും നിയമഭേദഗതി. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗം തന്നെ തുടങ്ങുമെന്നാണ് സൂചന.
ഭേദഗതി വരുത്തുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടും. വിവിധ മേഖലയില്‍ നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷം നിയമത്തിന്റെ കരട് പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയുന്ന നിയമം, ശക്തമായി വകുപ്പുകള്‍ ചുമത്തി ഭേദഗതി ചെയ്യണമെന്ന് ഡോക്ടര്‍മാരുടെ സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഒരു മണിക്കൂറിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു മാസത്തിനകം കുറ്റപ്പത്രം സമര്‍പ്പിക്കണമെന്നും ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കെ.ജി.എം.ഒ.എ, ഇ.എസ്.ഐ ഡോക്ടര്‍മാരാണ് സമരം തുടരുന്നത്. ഡോക്ടര്‍മാര്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
ഇന്നലെ ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലും എത്രയും വേഗം നിയമഭേദഗതി വരുത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ച പുലര്‍ച്ചേ നാല് മണിയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച അക്രമാസക്തനായ രോഗി ഡോക്ടര്‍ വന്ദനയെ കുത്തിയത്. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കുത്തേറ്റത്. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.
വന്ദനയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്കും കുത്തേറ്റു. പൊലീസുകാരന്‍, സുരക്ഷാ ജീവനക്കാരന്‍, ആശുപത്രിയിലുണ്ടായിരുന്നൊരാള്‍ എന്നിവരെയും പ്രതി സന്ദീപ് കുത്തിപ്പരിക്കേല്‍പ്പിച്ചു.
Contenthighlight: Kerala government amend the law to ensure doctors safety