| Tuesday, 4th August 2015, 5:00 pm

ഭൂനിയമ ഭേതഗതി ഉത്തരവ് പിന്‍വലിച്ചു: റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം:  2005 വരെയുള്ള കയ്യേറ്റ ഭൂമികള്‍ക്ക് പട്ടയം നല്‍കാനുള്ള വിജ്ഞാപനം പിന്‍വലിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. വിവിധ തലങ്ങളില്‍ നിന്നും ശക്തമായ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍പ്രകാശ് ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാര്‍ നടത്തുന്ന കേസുകള്‍ ദുര്‍ബലമാവാതിരിക്കാനാണ്  തീരുമാനം. പ്രത്യേകിച്ച് മുന്നാറിലെ കേസുകള്‍ ദുര്‍ബലമാവുമെന്ന് വിമര്‍ശനം ഉണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.

സദുദ്ദേശത്തോടെയാണ് ഭേഗതഗതി കൊണ്ട് വന്നത്. ഇടുക്കി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ചവര്‍ക്ക് ഭൂമി നല്‍കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചട്ടങ്ങള്‍ ഭേതഗതി ചെയ്യെണ്ടതായി വന്നതെന്നും പല തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയാണ് തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

വിജ്ഞാപനത്തിനെതിരായി ചര്‍ച്ച നടത്തുന്നവരും അതിന് നേതൃത്വം നല്‍കുന്നവരും ആക്ഷേപിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ചിന്തിച്ചിട്ടില്ല. വിവിധ സാമൂഹിക സംഘടനകളില്‍ നിന്നടക്കം ഏറെക്കാലത്തെ ആവശ്യപ്രകാരമാണ് ചട്ടത്തില്‍ ഭേതഗതി ചെയ്യാന്‍ തീരുമാനമായത്. തെറ്റുണ്ടെങ്കില്‍ തിരുത്തും, തനിക്ക് ദുരഭിമാനമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

താന്‍ വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുന്നെന്ന് ഇത്രയും നാള്‍ ആരും ആരോപിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തത്. ഹാരിസണിന്റെതുള്‍പ്പടെ കയ്യേറ്റം സര്‍ക്കാര്‍ ഒഴിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 1,24,829 പട്ടയങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ മാത്രമായി 23682 പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

കൂടതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇനി ഇടുക്കിയിലെ പട്ടയവിതരണം നടത്തുകയുള്ളൂ. വിജ്ഞാപനം ഇറക്കിയതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി പറയാത്തത് താന്‍ മാന്യത പുലര്‍ത്തുന്നതുകൊണ്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

നിലവിലുള്ള ചട്ടങ്ങള്‍ക്ക് പകരം 2005 ജൂണ്‍ 1 വരെയുള്ള ഭൂമി കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. സര്‍ക്കാര്‍ പതിച്ചുനല്‍ക്കുന്ന ഭൂമി 25വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തിരുന്നു. നേരത്തെ ഉണ്ടായിരുന്ന നിയമ പ്രകാരം 1971 ആഗസ്ത് വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് മാത്രമേ നിയമസാധുത നല്‍കിയിരുന്നുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസിനകത്ത് തന്നെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. തീരുമാനത്തിനെതിരെ വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍, പി.ടി തോമസ് എന്നിവര്‍ക്ക് പുറമെ ഇടുക്കി, പത്തനംതിട്ട ഡി.സി.സി കളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു

We use cookies to give you the best possible experience. Learn more