തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ല; ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ
Kerala News
തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ല; ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 10:17 am

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനന വിരുദ്ധ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാവില്ലെന്നും ജനങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു.


“ഈ സര്‍ക്കാരിന്റെ കാലത്ത് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായി. പുലിമുട്ട് ടെന്‍ഡര്‍ ചെയ്ത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ആര്‍.ഇ ഇത്രയും കാലം ചെയ്ത പോലെ അല്ല മുന്നോട്ടു പോവേണ്ടതെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കരയിടിയാതെ ഖനനം നടത്തണമെന്ന് നേരത്തെ നിയമസഭ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇത് പൂര്‍ണ്ണമായി പാലിക്കണമെന്നും” മന്ത്രി പറഞ്ഞു.

അതേസമയം, കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുകയാണ്. അനിശ്ചിത കാല നിരാഹാര സമരത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും വലിയ തോതിലുള്ള പിന്തുണ സമരത്തിനു ലഭിക്കുന്നുണ്ട്.


ഐ.ആര്‍.ഇയുടെ കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ 70 ദിവസത്തോളമായി നിരാഹാര സമരത്തിലാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഖനനം ഭൂപ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണ് പ്രദേശവാസികള്‍ സമരം തുടങ്ങിയത്. സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്ന ഹാഷ്ടാഗോടെയാണ് സമരം നടക്കുന്നത്.