| Sunday, 29th April 2012, 7:40 pm

നിരോധിക്കപ്പെട്ടിട്ടും സിമി സംസ്ഥാനത്ത് സജീവം; കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിരോധിക്കപ്പെട്ടിട്ടും സിമി(സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) പ്രവര്‍ത്തനം കേരളത്തില്‍ സജീവമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സിമി നിരോധനവുമായി ബന്ധപ്പെട്ട് മെയ് 3 മുതല്‍ 5 വരെ കേരളത്തില്‍ സിറ്റിങ് നടത്തുന്ന ട്രൈബ്യൂണലിന് മുമ്പാകെയും സംസ്ഥാന സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മുന്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജി വി.കെ.ഷാലിയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണലിന്റെ സിറ്റിങ് തിരുവനന്തപുരത്താണ് നടക്കുന്നത്. സിമിയുടെ സംഘടനയുടെ നിരോധനം നീട്ടണമെന്നും സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 2001ലാണ് സിമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. പിന്നീട് രണ്ട് വര്‍ഷം കൂടുമ്പോഴെല്ലാം സര്‍ക്കാര്‍ നിരോധനം നീട്ടുകയായിരുന്നു. സര്‍ക്കാറിന്റെ നിരോധന തീരുമാനം പരിശോധിക്കാനുള്ള സംവിധാനമാണ് ട്രൈബ്യൂണല്‍.

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതിനും സമീപകാലത്തെ ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന് പിന്നിലും സിമി സാന്നിധ്യം സംശയിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. സിമിയുടെ സാന്നിധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും പല രാഷ്ട്രീയ പാര്‍ട്ടികളിലും സിമിയുടെ സാന്നിധ്യമുണ്ടെന്നും ഇക്കാര്യം പോലീസ് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

കേരളത്തിനു പുറമെ ഡല്‍ഹി, മഹരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും സിമി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാറും ട്രൈബ്യൂണലിന് സത്യവാങ്മൂലം  നല്‍കിയിട്ടുണ്ട്.  രാജ്യത്തു ഭീകരപ്രവര്‍ത്തനം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സിമിയുടെ നിരോധനം രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ ഫെബ്രുവരി മൂന്നിനു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുളള വകുപ്പുകള്‍ പ്രകാരമാണു സിമിയെ നിരോധിച്ചത്.

സിമി നിരോധനം 2008ല്‍ ഗീതാമിത്തല്‍ െ്രെടബ്യൂണല്‍ നിരോധനം നീക്കിയെങ്കിലും സര്‍ക്കാര്‍ ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് വിധി സ്‌റ്റേ ചെയ്തു. തുടര്‍ന്ന് ഇതില്‍ വിചാരണയുണ്ടായില്ല. ആദ്യം രണ്ടാഴ്ച്ചത്തേക്കാണ് സുപ്രിംകോടതി സ്‌റ്റേ ചെയ്തത്. എന്നാല്‍ പിന്നീട് രാജ്യത്ത് തുടര്‍ച്ചയായി സ്‌ഫോടനങ്ങളുണ്ടായതോടെ സുപ്രീം കോടതി കേസ് അനിശ്ചിതമായി നീട്ടുകയായിരുന്നു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more