| Monday, 20th August 2018, 12:55 pm

കേരളത്തില്‍ ഇത്തവണ ലഭിച്ചത് 164 ശതമാനം അധിക മഴ; ഇത്രയും മഴ ലഭിക്കുന്നത് ഇതാദ്യമെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ വന്‍ നാശനഷ്ടം വിതച്ച് പെയ്ത മഴയുടെ ശക്തി കുറഞ്ഞുക്കൊണ്ടിരിക്കുകയാണ്. അതേസമയം കേരളത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കേരളത്തില്‍ പെയ്തത് പതിവ് മഴയുടെ 164 ശതമാനം അധികമെന്ന് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നു മുതല്‍ 19 വരെ കേരളത്തില്‍ ശരാശരി ലഭിച്ചിരുന്നത് 28.7 സെന്റിമീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ പെയ്തത് 75.8 സെന്റി മീറ്റര്‍ മഴയാണ്.

സംസ്ഥാനത്ത് ആദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയധികം മഴ ലഭിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.

അതേസമയം കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് വരെ കേരളത്തില്‍ ലഭിച്ചത് 234.6 സെന്റിമീറ്റര്‍ മഴയാണ്. സാധാരണയായി ഈ കാലയളവില്‍ ലഭിക്കാറുള്ളത് 164.9 സെന്റി മീറ്റര്‍ മഴ മാത്രമാണ്.


ALSO READ: കുത്തിയതോട് നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇതോടെ ക്യാമ്പ് ഭിത്തി ഇടിഞ്ഞ് മരിച്ചവരുടെ എണ്ണം ആറായി


അതായത് ഇതുവരെ 42 ശതമാനം വര്‍ധനവ് ആണ് സംസ്ഥാനത്ത് പെയ്ത മഴയിലെ വര്‍ധനവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും അധികം മഴ സംസ്ഥാനത്ത് ലഭിച്ചതാണ് പ്രളയമുണ്ടാകാനും ജനജീവിതം സ്തംഭിക്കാനും കാരണമായത്.

അതേസമയം ഈ മാസം ഒമ്പതിന് നിലമ്പൂരില്‍ 40 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. പീരുമേട്ടില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പെയ്തത് 35 സെന്റി മീറ്റര്‍ മഴയാണ്.

സമീപകാലത്തൊന്നും തന്നെ ഇത്ര തീവ്രമായ മഴ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂണില്‍ 15 ശതമാനം അധിക മഴ ലഭിച്ചതോടെ ഓഗസ്റ്റ് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ തന്നെ സംസ്ഥാനത്തെ 35 ഡാമുകളും സംഭരണശേഷി കഴിയുകയും ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.

We use cookies to give you the best possible experience. Learn more