തിരുവനന്തപുരം: കൊവിഡ് 19 നെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിസന്ധിയിലായ മില്‍മയെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മില്‍മ പാലുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൂടുതല്‍ പാല്‍ വാങ്ങാമെന്ന് തമിഴ്‌നാട് സമ്മതിച്ചിട്ടുണ്ട്. ഇത് പ്രകാരം പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ ഈറോഡിലെ ഫാക്ടറി വാങ്ങും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അംഗന്‍വാടികള്‍ വഴി അതിഥി തൊഴിലാളികള്‍ക്കും പാല്‍ വിതരണം ചെയ്യും. ഇതിനാല്‍ ബാക്കിവരുന്ന പാലിന്റെ കാര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ കഴിയാതെ മില്‍മ സംഭരണം നിര്‍ത്തിയതോടെ ക്ഷീരകര്‍ഷകര്‍ പാല്‍ ഒഴുക്കി കളഞ്ഞിരുന്നു. കറന്നെടുത്ത പാല്‍ എവിടെ കൊണ്ടുപോകുമെന്ന് അറിയാതെ പ്രതിസന്ധിയിലായ കര്‍ഷകരാണ് ഒടുവില്‍ പാല്‍ ഒഴുക്കിക്കളഞ്ഞത്. പാലക്കാട് ചിറ്റൂര്‍ മേഖലയില്‍ മാത്രം ഏകദേശം എണ്‍പതിനായിരം ലിറ്റര്‍ പാലാണ് ഒഴുക്കിക്കളയേണ്ടി വന്നത്.
സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ സാധിക്കാത്തതാണ് മില്‍മ സംഭരണം നിര്‍ത്താനുള്ള കാരണം. ഇതോടെ കടുത്ത പ്രതിസന്ധിയാണ് മലബാര്‍ മേഖലയിലുള്‍പ്പെടെ ക്ഷീരകര്‍ഷകര്‍ നേരിടുന്നത്.
മലബാര്‍ മേഖലയില്‍ ഓരോ ദിവസവും മില്‍മ 6 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷം ലിറ്റര്‍ പാല്‍ ചെറുകിട വിപണിയിലൂടെ വിറ്റഴിക്കുന്നതാണ് രീതി. ബാക്കിയുള്ള പാല്‍ തമിഴ്നാട്ടിലെത്തിച്ച് പാല്‍പ്പൊടിയാക്കുകയോ ഐസ്‌ക്രീം പോലെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിനിയോഗിക്കുകയോ ചെയ്യും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായ കുറഞ്ഞു. പാല്‍ വീടുകളിലും ഫ്ളാറ്റുകളിലും എത്തിച്ച് ലോങ് ലൈഫ് പാല്‍ വിതരണം നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഇതും കാര്യമായി വിജയിച്ചില്ല. മിച്ചം വരുന്ന പാലിന്റെ ചെറിയൊരളവ് മില്‍മ തിരുവനന്തപുരം യൂണിയന്‍ വാങ്ങിയിരുന്നെങ്കിലും തിരുവനന്തപുരത്തും പ്രതിസന്ധി രൂക്ഷമായി കഴിഞ്ഞു.
മില്‍മ തന്നെ ബദല്‍മാര്‍ഗം കണ്ടെത്തണമെന്നാണ് കര്‍ഷകരും ക്ഷീരസംഘങ്ങളും പറയുന്നത്.
‘കറന്ന പാല്‍ മില്‍മ എടുത്തില്ലെങ്കില്‍ ഞങ്ങള്‍ എന്തുചെയ്യും. മറ്റൊന്നും ചെയ്യാന്‍ സാധിക്കുകയില്ല ഇത് കളയുകയല്ലാതെ. നഷ്ടം സഹിച്ചും പാല്‍ ഒഴുക്കിക്കളയേണ്ടി വരികയാണ്. പ്രാദേശികമായി പോലും വില്‍പ്പന നടത്താന്‍ കഴിയുന്നില്ല. കടകളും വാഹനങ്ങളും ഇല്ലാത്തതും തിരിച്ചടിയാണ്, മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകനായ ബാലന്‍ പറയുന്നു.
കറന്ന പാല്‍ കര്‍ഷകരുടെ ആവശ്യം കഴിഞ്ഞുള്ളത് മുഴുവന്‍ ഒഴുക്കിക്കളയുകയാണ് ചെയ്യുന്നതെന്ന് കുന്നങ്കാട്ട്പതി ക്ഷീരകര്‍ഷക സെക്രട്ടറി ജയപ്രകാശ് പറഞ്ഞു. ഇവിടെ പ്രാദേശിക വില്‍പ്പന ഒട്ടുമില്ല. പിന്നെ അവര്‍ എവിടെ കൊണ്ടുകൊടുക്കും. വാഹനമൊന്നും പുറത്തിറങ്ങുന്നില്ല. ആര്‍ക്കും പാല്‍ വേണ്ട. മറ്റ് വഴികളൊന്നും അവര്‍ക്ക് മുന്നിലില്ല, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വരെ 2 ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റിയിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി കാലഹരണപ്പെട്ടതും തിരിച്ചടിയായി. ഇതുമൂലം ഇതര സംസ്ഥാനങ്ങളിലെത്തിച്ച് പൊടിയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഓരോ ലിറ്റര്‍ പാലിലും 10 രൂപയോളം അധികചിലവാണ് ഇതുമൂലമുണ്ടാകുന്നത്.
തമിഴ്നാട് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ കേരളത്തില്‍ നിന്നുള്ള പാല്‍ എടുക്കില്ലെന്ന് അറിയിച്ചതും തിരിച്ചടിയായി. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ തമിഴ്നാടുമായി സംസാരിക്കുകയാണെന്നാണ് മന്ത്രി കെ. രാജു പ്രതിസന്ധി സംബന്ധിച്ച് പ്രതികരിച്ചത്. വൈകാതെ തന്നെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെ മുതല്‍ അന്‍പത് ശതമാനം പാല്‍ സംഭരിക്കുമെന്നാണ് മില്‍മയുടെ അറിയിപ്പ്. കഴിഞ്ഞ മാര്‍ച്ച് 24 നും മില്‍മ പാല്‍ സംഭരിച്ചിരുന്നില്ല.
WATCH THIS VIDEO: