| Wednesday, 2nd May 2018, 5:42 pm

ജാതിയിലടിച്ച് യുക്തിവാദികള്‍; സംവരണ വിരുദ്ധ നിലപാട് തുടര്‍ന്ന് രവിചന്ദ്രന്‍, രവിചന്ദ്രനെതിരെ ഇ.എ ജബ്ബാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംവരണത്തിലും ജാതിയിലുമുള്ള നിലപാടുകളില്‍ കേരളത്തിലെ യുക്തിവാദികള്‍ തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷം. പ്രാസംഗികനും പ്രമുഖ യുക്തിവാദിയുമായ സി.രവിചന്ദ്രന്റെ തുടര്‍ച്ചയായ സംവരണ വിരുദ്ധ നിലപാടുകളോടാണ് കടുത്ത എതിര്‍പ്പുമായി യുക്തിവാദ സമൂഹം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഓണ്‍ലൈന്‍ യുക്തിവാദി സംഘങ്ങള്‍ രണ്ട് വിഭാഗങ്ങളിലായി പോര് തുടരുകയാണ്.

രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ബ്രാഹ്മണ്യമാണെന്ന് പറയുന്നത് ശരിയല്ലെന്നും ഇന്ത്യയുടെ എല്ലാ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും എല്ലാവര്‍ക്കും തുല്യ പങ്കുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം സി.രവിചന്ദ്രന്‍ കോഴിക്കോട് പ്രസംഗിച്ചത്. ജാതിയും മതവും ഇല്ല എന്ന് പറയുന്ന യുക്തിവാദികള്‍ ജാതി സംവരണം വേണമെന്ന് പറയുന്നത് പരിഹാസ്യമാണെന്നും ഇത്തരക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ജാതി സംഘടനകളിലാണെന്നും രവിചന്ദ്രന്‍ പറഞ്ഞിരുന്നു.


Read | ജ്യോതിര്‍മയി ഡേ വധം: അധോലോക നേതാവ് ഛോട്ടാരാജനുള്‍പ്പടെ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം


ജാതിയും മതവും ഒഴിവാക്കുന്നത് കൊണ്ടുള്ള എല്ലാ നഷ്ടവും സഹിക്കാമെന്ന് പറയുന്ന ഇത്തരക്കാര്‍ പി.എസ്.സി പരീക്ഷയില്‍ സംവരണം വേണമെന്ന് പറയുന്നത് അപഹാസ്യമാണ്. എന്തിനാണ് കഷ്ടപ്പെട്ട് യുക്തിവാദിയാകുന്നത് എന്നാണ് ഇത്തരക്കാരോട് ചോദിക്കാനുള്ളത്. ജാതിയുടെയും മതത്തിന്റെയും മേലാപ്പുകള്‍ അഴിച്ചുമാറ്റിയിട്ട് ജാതിയുടെ ആനുകൂല്യങ്ങള്‍ വേണമെന്ന് പറയുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും രവിചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍, രവിചന്ദ്രന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യപ്രവര്‍ത്തകരും മറ്റ് യുക്തിവാദികളും രംഗത്ത് വരികയായിരുന്നു. യുക്തിവാദികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ ഫ്രീതിങ്കേഴ്‌സില്‍ നിന്ന് തന്നെയാണ് കടുത്ത വിമര്‍ശനങ്ങളുയര്‍ന്നത്. പ്രമുഖ യുക്തിവാദിയും ഇസ്‌ലാം വിമര്‍ശകനുമായ ഇ.എ ജബ്ബാര്‍ ഉള്‍പ്പടെയുള്ളവര്‍ രവിചന്ദ്രനെതിരെ വിമര്‍ശനമുയര്‍ത്തി ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

ഇത്തരം പ്രതിലോമപരവും മനുഷ്യവിരുദ്ധവുമായ പ്രചാരണം നടത്തുന്നവര്‍ ദയവായി യുക്തിവാദത്തിന്റെ ലേബല്‍ ഒഴിവാക്കണമെന്നും ഇത്തരക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ ഇടങ്ങള്‍ വേറെയാണെന്നുമാണ് ജബ്ബാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സമൂഹമധ്യത്തില് ഇറങ്ങി ആശയപ്രചാരണം നടത്തുന്നവര്‍ക്ക് സാമൂഹ്യ നീതിയെ കുറിച്ചും സാമൂഹ്യ ലക്ഷ്യങ്ങളെ കുറിച്ചും സാമാന്യ വിവരവും ദിശാബോധവും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
സംവരണം “”ജാതിക്കുള്ള ആനുകൂല്യം”” ആണെന്ന് മനസ്സിലാക്കലും പരമാബദ്ധമാണ്. അങ്ങനെയല്ല അതു വിഭാവനം ചെയ്തിട്ടുള്ളത്. ജാതി മൂലം -ജാതീയത മൂലം സാമൂഹ്യ മുഖ്യ ധാരയില് നിന്നും പുറത്തെറിയപ്പെട്ട മനുഷ്യ വിഭാഗങ്ങള്ക്ക് ജനാധിപത്യ സമൂഹത്തിന്റെ പൊതു ധാരയിലേക്കു പ്രവേശനം ലഭിക്കാനുള്ള ഒരു സവിശേഷ പരിഗണന മാത്രമാണു സംവരണം എന്നാണു ഞാന് മനസ്സിലാക്കുന്നത്. ഇ.എ ജബ്ബാര്‍ പറഞ്ഞു.


Read | രാജ്യത്ത് ബാങ്ക് തട്ടിപ്പ് കേസുകളില്‍ വന്‍ വര്‍ധന; അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകളെന്ന് റിസര്‍വ് ബാങ്ക്


ദളിതരും പിന്നാക്കക്കാരുമൊക്കെ യുക്തിവാദം പറയണമെങ്കില്‍ അവര്‍ക്കു ലഭിച്ച സര്‍ക്കാര്‍ ജോലിയും സാമൂഹ്യ പദവികളുമൊക്കെ ഒഴിവാക്കി പഴയ കുലത്തൊഴിലില്‍ തന്നെ തിരിച്ചെത്തണം എന്നാണോ പുതിയ യുക്തിവാദ ശാസ്ത്രം? സംവരണാനുകൂല്യം ജാതീയതയിലോ അസ്പര്‍ശ്യതയിലോ വിശ്വസിക്കുന്നവര്‍ക്ക് മാത്രം നല്‍കുന്ന സമ്മാനമാണെന്ന ധാരണയില്‍ ഈ വിഷയം ചര്‍ച്ചചെയ്യുന്നവര്‍ ചരിത്രബോധമോ സാമൂഹ്യബോധമോ നീതിബോധമോ ഇല്ലാത്ത കേവലവാദികള്‍ മാത്രമാണ് തന്റെ നിലപാടെന്നും ഇത്തരം യുക്തിവാദം ഒരു സാംസ്‌കാരിക ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല സി.രവിചന്ദ്രന്‍ സംവരണ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നടത്തിയ “സംവരണ സമവാക്യങ്ങള്‍”,“ജാതിപ്പൂക്കള്‍” എന്നീ പ്രസംഗങ്ങളും സംവരണ വിരുദ്ധമാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.

വിഷയത്തില്‍ സോഷ്യല്‍മീഡിയയിലെ യുക്തിവാദികള്‍ രണ്ട് പക്ഷമായി പോര് തുടരുകയാണ്. ട്രോളുകളിലൂടെയും പോസ്റ്റുകളിലൂടെയും പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്തുകയാണ് ഇരുവിഭാഗവും.




We use cookies to give you the best possible experience. Learn more