ഉത്സവകാലം ആനകള്‍ക്ക് ദുരിതകാലം കൂടിയാണ്. കഴിഞ്ഞ വര്‍ഷം 34 നാട്ടാനകള്‍ ചെരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. അതില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മാത്രം ചെരിഞ്ഞത് 11 നാട്ടാനകളാണെന്ന് 2018 മാര്‍ച്ചില്‍ മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് മലയാളികള്‍ ആനക്കമ്പത്തിന്റെ പേരില്‍ ആനകളെ പ്രദര്‍ശന വസ്തുവാക്കുന്നത്. വനംവകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഇനി ഏതാണ്ട് 500നടുത്ത് നാട്ടാനകള്‍ മാത്രമാണ് ബാക്കിയുള്ളത്.
ചെരിയുന്ന ആനകളുടെ പ്രായവും ആശങ്കാജനകമാണെന്ന് ആനപ്രേമികള്‍ പറയുന്നു.മാര്‍ച്ച് 11ന് ചെരിഞ്ഞ തിരുവമ്പാടി ശിവസുന്ദറിന് 46 ആയിരുന്നു പ്രായം. ഫെബ്രുവരി 12ന് എരുമേലിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞോടിയ കണ്ണമത്ത് ദേവദത്തന്‍ (33) ഉടമസ്ഥന്റെ വീട്ടിലെത്തിയപ്പോഴേക്കും തളര്‍ന്നുവീണ് ചെരിഞ്ഞു. കുന്നംകുളത്ത് ശിവന്‍ (17), വൈലാശ്ശേരി കേശവന്‍ (46), ചെളിപ്പറമ്പില്‍ അയ്യപ്പന്‍ (42), പുത്തന്‍കുളം ചന്ദ്രശേഖരന്‍ (44), മംഗലാംകുന്ന് ചന്ദ്രശേഖരന്‍ (44), നെയ്യാറ്റിന്‍കര കണ്ണന്‍ (22) എന്നിങ്ങനെ കണക്കുകള്‍ സൂചിപ്പിക്കുന്നത് നാട്ടാനകളുടെ ശരാശരി ആയുസ്സ് 80-ല്‍ നിന്ന് നാല്‍പ്പതുകളായി കുറഞ്ഞിരിക്കുകയാണെന്നതാണ്.
ഒരു വര്‍ഷ കാലയളവില്‍ 34 നാട്ടാനകള്‍ ചെരിഞ്ഞ സാഹചര്യത്തില്‍ ഈ ഉത്സവ കാലത്ത് കര്‍ശന നിരീക്ഷണമൊരുക്കുമെന്ന് വനം വകുപ്പ് അറിയിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുകയും അന്വേഷണത്തില്‍ ദീര്‍ഘകാല പോഷകാഹാരക്കുറവ്, തെറ്റായ ഭക്ഷണ രീതി, അമിതാധ്വാനം, വിശ്രമമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവ പ്രധാന മരണകാരണങ്ങളാണെന്ന് കണ്ടെത്തുകയും ചെയ്തു. കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം എടുക്കേണ്ട നടപടികള്‍ പ്രിന്‍സിപ്പല്‍ ചീപ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇറക്കിയ ഉത്തരവില്‍ വിശദമാക്കിയിട്ടുണ്ട്.
താന്‍ ചികിത്സിക്കുന്ന ആനകളിലധികവും ഇരണ്ടക്കെട്ട്, വാദം തുടങ്ങിയ അസുഖങ്ങളുള്ളവയാണ് എന്ന് ദീര്‍ഘകാലമായി ആനകളുടെ പാരമ്പര്യ ചികിത്സ നടത്തുന്ന വാസുദേവന്‍ നമ്പൂതിരി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഇരണ്ടക്കെട്ട് പോലുള്ള അസുഖങ്ങള്‍ വരാനുള്ള പ്രധാനകാരണം ദീര്‍ഘദൂരം വാഹനത്തില്‍ സഞ്ചരിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ആനകളെ കൃത്യമായി പരിചരിക്കാത്തത് തന്നെയാണ് രോഗങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് മറ്റൊരു ചികിത്സകനായ ആവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിയും പറഞ്ഞു.
പുതിയ ഉത്തരവ് പ്രകാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ ത്രൈമാസിക റിപ്പോര്‍ട്ട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് കൈമാറുകയും തുടര്‍ന്ന ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പ്പിക്കുകയും ചെയ്യണം.
കേരള നാട്ടാന പരിപാലന സംരക്ഷണ നിയമം നിര്‍ദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാനുള്ള മാര്‍ഗ്ഗങ്ങളും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.
*ആനയുടെ ഉടമസ്ഥര്‍ കൃത്യ ഇടവേളകളില്‍ ദന്ത, പാദ ചികിത്സയും പരിശോധന
*ചെരിഞ്ഞ ആനകളുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ടുകള്‍ തമ്മില്‍ സാമ്യതകള്‍ കുറവാണ് എന്നതു കമ്മിറ്റി കണ്ടെത്തിയിരുന്നു. പഠനവിധേയമാക്കാന്‍ കഴിയുന്ന റിപ്പോര്‍ട്ടുകള്‍ മിക്കപ്പോഴും ലഭിക്കാറില്ല എന്നും ഇവര്‍ കണ്ടെത്തി. ഇത് പരിഹരിക്കാനായി പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ , ഫോട്ടോ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. മതമിളകുന്ന സമയത്ത് കൃത്യമായി കൈകാര്യം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഓര്‍ഡറില്‍ പറയുന്നു.
*ഉടമസ്ഥര്‍ക്കും പാപ്പാന്‍മാര്‍ക്കും മാസംതോറും ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുകയും അവര്‍ അതില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.
*ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആനകളുടെ ആരോഗ്യം മോണിറ്റര്‍ ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണക്രമം നിശ്ചയിക്കുകയും ചെയ്യും.
* ആനകളില്‍ വലിയ മുറിവുകള്‍ ഉണ്ടാകുന്നത് മതപ്പാടുള്ള സമയത്താണ്. ഈ കാലയളവില്‍ ആനയെ കൃത്യമായി പരിചരിക്കുവാനും നിര്‍ദ്ദേശിക്കുന്നു.
Also Read തല ചായ്ക്കാന്‍ ഇടമില്ലാത്തതു കൊണ്ട് ആനക്കാട്ടില്‍ ജീവിക്കുന്ന വയനാട്ടിലെ ആദിവാസികള്‍
ശ്രീലങ്കയിലുള്ളത്‌പോലെ ഇവിടെയും ആനയ്ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള ഇടം ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവയെ സ്വാഭാവിക വാസസ്ഥാനമായ കാട്ടിലേക്ക് വിടുക. സ്വന്തം തട്ടകത്തു കിടന്നെങ്കിലും അത് ജീവിതം പൂര്‍ത്തിയാക്കട്ടെ. മനുഷ്യന്റെ സാംസ്‌കാരിക ശൂന്യതയുടെ പ്രതീകമാണ് ചതിയില്‍പ്പെടുത്തി നാട്ടിലേക്ക് കൊണ്ടുവരുന്ന ഓരോ ആനയും അതനുഭവിക്കുന്ന പീഡകളുമെന്ന് വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ എന്‍.എ. നസീര്‍ പറഞ്ഞു.
ഒരുവര്‍ഷം ഓഗസ്റ്റ് മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഇരുപത്തി അയ്യായിരത്തിലധികം ഉത്സവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കാളവേലയായാലും കുതിരവേലയായാലും നേര്‍ച്ചയായാലും ഇപ്പോള്‍ ആന നിര്‍ബന്ധമാണ്. എന്തിന് ഇന്ന പല സ്വകാര്യ ആഘോഷങ്ങളിലും മോഡി കൂട്ടാന്‍ ആനയെ കൊണ്ടു വരുന്ന രീതിയുണ്ട്. ഒരാന ഒരു സീസണില്‍ 150 എഴുന്നള്ളിപ്പുകളില്‍വരെ പങ്കെടുക്കുന്നു. ഒരാഴ്ചവരെ തുടര്‍ച്ചയായി എഴുന്നള്ളത്തിനു പോകുന്നു. തൃശ്ശൂരില്‍നിന്ന് കൊല്ലംവരെയും തിരുവനന്തപുരം വരെയും പൂരങ്ങള്‍ക്കായി യാത്രചെയ്യേണ്ടിവരുന്നു. ഒടുവില്‍ ആനയ്ക്കു തീരേ വയ്യാതാകുമ്പോള്‍മാത്രമാണ് എഴുന്നള്ളിപ്പുകളില്‍നിന്ന് പിന്‍വലിക്കുന്നത്.