| Friday, 8th June 2018, 3:36 pm

കാല്‍പന്താരവത്തിന് ഇനി ആറ് നാള്‍; തരംഗമായി അര്‍ജന്റീന ബ്രസീല്‍ ആരാധകരുടെ ഔദ്യോഗിക തീം സോംഗ്

സ്പോര്‍ട്സ് ഡെസ്‌ക്

മലപ്പുറം: റഷ്യന്‍ കാല്‍പന്താരവത്തിന് ഇനി ആറു ദിവസം മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ ഫുട്‌ബോള്‍ ആവേശം കൊടിമുടി കയറുന്നു. ആരാധകരുടെ മത്സരാവേശത്തിന് തുടക്കമിട്ട് കേരളത്തിലെ അര്‍ജന്റീന ആരാധകരും ബ്രസീല്‍ ആരാധകരും അവരുടെ ഔദ്യോഗിക തീം സോംഗ് പുറത്തിറക്കിയതോടെ ആവേശം അതിരുവിട്ടിരിക്കുകയാണ്. ഇരു ടീമുകളുടെയും ആരാധക കൂട്ടായ്മ ഫേസ്ബുക്കില്‍ പങ്കുവെച്ച തീം സോംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജിംഗ ബീറ്റ്‌സ് എന്ന പേരിലാണ് ബ്രസീല്‍ ആരാധകര്‍ തീം സോംഗ് പുറത്തിറക്കിയിരിക്കുന്നത്.

കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്‌ബോള്‍ ആവേശമാണ് ബ്രസീലിന്റെ തീം സോംഗില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതെങ്കില്‍ അര്‍ജന്റീനയുടെയും മെസിയുടെയും ഗ്രൗണ്ടിലെ സുവര്‍ണനിമിഷങ്ങളാണ് അര്‍ജന്റീന ആരാധകര്‍ ദൃശ്യങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിനാണ് ബ്രസീല്‍ ആരാധകര്‍ തീം സോംഗ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഫൈറ്റ് നടത്തുന്ന ആരാധകര്‍ തെരുവുകളില്‍ ഫ്ലക്സ് യുദ്ധമാണ് നടത്തുന്നത്.

ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ഇനി ആറു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 14ന് രാത്രി 8.30നാണ് ഉദ്ഘാടന മത്സരം. താരങ്ങളെയും ആരാധകരെയും വരവേല്‍ക്കാന്‍ റഷ്യയിലെ പതിനൊന്ന് നഗരങ്ങളും അതിലെ പന്ത്രണ്ട് സ്റ്റേഡിയങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്.

മത്സരത്തില്‍ പങ്കെടുക്കാനായി ടീമുകള്‍ റഷ്യയിലേക്ക് എത്തിത്തുടങ്ങി. ഇറാനാണ് ആദ്യമായി മോസ്‌കോയില്‍ വിമാനമിറങ്ങിയത്. സംഘാടകരും ഇറാന്‍ ആരാധകരും ടീമംഗങ്ങളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഞായറാഴ്ചയോടു കൂടി ടീമുകളുടെ സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാകും. ഇതോടെ മുഴുവന്‍ ടീമുകളും റഷ്യയില്‍ എത്തിച്ചേരും. ജേതാക്കള്‍ക്ക് നല്‍കേണ്ട കിരീടം ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷം ആതിഥേയ നഗരമായ മോസ്‌കോയില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു. മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസ് ലോകകപ്പ് ഏറ്റുവാങ്ങി.

ജൂണ്‍ പതിനാലിന് ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്‌കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ആതിഥേയരായ റഷ്യ-സൗദി അറേബ്യയെയാണ് ആദ്യ മത്സരത്തില്‍ നേരിടുക. ഗ്രൂപ്പ് മത്സരങ്ങള്‍ ജൂണ്‍ 26ന് അവസാനിക്കും. ജൂണ്‍ മുപ്പത് മുതല്‍ നോക്കൌട്ട് മത്സരങ്ങള്‍ ആരംഭിക്കും.ജൂലൈ പതിനഞ്ചിനാണ് കലാശപ്പോര്.

We use cookies to give you the best possible experience. Learn more