ഞങ്ങളോട് വീട് മാറാന്‍ പറഞ്ഞു, എങ്ങോട്ട് മാറണമെന്ന് പറഞ്ഞില്ല, ഞങ്ങള്‍ എങ്ങോട്ട് മാറും? അതിന് സ്ഥലം വേണ്ടേ? ബന്ധുക്കള് വേണ്ടേ? വേറെ വീട് വേണ്ടേ?'
Dalit Life and Struggle
ഞങ്ങളോട് വീട് മാറാന്‍ പറഞ്ഞു, എങ്ങോട്ട് മാറണമെന്ന് പറഞ്ഞില്ല, ഞങ്ങള്‍ എങ്ങോട്ട് മാറും? അതിന് സ്ഥലം വേണ്ടേ? ബന്ധുക്കള് വേണ്ടേ? വേറെ വീട് വേണ്ടേ?'
ശരണ്യ എം ചാരു
Tuesday, 4th December 2018, 6:12 pm

“ചിലേ ആളുകള്‍ ബന്ധുക്കള്‍ടെ വീട്ടിലും അയലോക്കങ്ങളിലും പോയി. പൂര്‍ണ്ണായി വീട് പോയ ആളോളെ ഒക്കെ സര്‍ക്കാര്‍ തന്നെ മാറ്റി കൊണ്ടോയി. ഞങ്ങളോട് മാറാന്‍ പറഞ്ഞു, എങ്ങോട്ട് മാറും? അതിന് സ്ഥലം വേണ്ടേ? ബന്ധുക്കള് വേണ്ടേ? വേറെ വീട് വേണ്ടേ?” വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ പ്ളാമൂല ആദിവാസി കോളനിയിലെ ശാന്തയുടെ വാക്കുകളാണിത്.

 

പ്രകൃതി ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച വയനാട്ടിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് പ്ളാമൂല ആദിവാസി കോളനി. ഓഗസ്ത് മാസം രണ്ടം ആഴ്ച്ചയില്‍ ഒരു രാത്രിയില്‍ പെട്ടെന്നുണ്ടായ ഭൂചലനവും, മണ്ണിടിച്ചിലും, ഭൂമി പിളര്‍ന്ന് ഗര്‍ത്തങ്ങള്‍ ഉണ്ടാകുന്ന അപൂര്‍വ്വ പ്രതിഭാസവും ഇവിടത്തെ ജനങ്ങള്‍ക്ക് അത് വരെ ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുത്തി. രാത്രിക്ക് രാത്രി ഇവര്‍ സമീപത്തെ സ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടു.

ഇവര്‍ ക്യാമ്പുകളില്‍ എത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രളയം ഉണ്ടാകുന്നതും കേരളത്തില്‍ അങ്ങോളമിങ്ങോളം വെള്ളപ്പൊക്കവും അതിനെ തുടര്‍ന്നുള്ള കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതും. പ്രളയവും വെള്ളപ്പൊക്കവും വയനാടന്‍ ജനതയെ ഭൂചലനത്തോളം ബാധിച്ചില്ലെങ്കിലും പ്രളത്തിന്റെ ഒഴുക്കില്‍ വയലാട്ടിലെ ആദിവാസി ഊരുകളിലെ ദുരിത ജീവിതങ്ങളെ ആരും കാണാത്ത അവസ്ഥയിലെത്തിച്ചു. മാസങ്ങള്‍ക്ക് ശേഷം ക്യാമ്പുകളില്‍ നിന്നും തിരിച്ചെത്തിയ പ്ളാമൂലയിലെ പാവപ്പെട്ട ആദിവാസി കുംടുംബങ്ങളെ കാത്തിരുന്നത് തകര്‍ന്നടിഞ്ഞും വിള്ളലുകള്‍ വീണും ഏത് സമയത്തും നിലംപതിക്കാവുന്ന വീടുകളാണ്.

ക്യാമ്പുകളില്‍ നിന്നും തിരിച്ചെത്തിയ എല്ലാ ആളുകളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നും വിള്ളലുകള്‍ വീണ വീടുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഈ പ്രദേശത്ത് ഇനി ഒരിക്കലും വീടോ കെട്ടിടങ്ങളോ പണിയാല്‍ പാടില്ല എന്നും സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് അടക്കമുള്ള ഭരണ സംവിധാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ പ്ളാമൂല കോളനിയിലെ വീടുകള്‍ സന്ദര്‍ശിക്കുകയും അവിടത്തെ 43 കുടുംബങ്ങളോട് വീടുകളുടെ അപകടാവസ്ഥ കണക്കിലെടുത്ത് മാറിത്താമസിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Displaying Screen Shot 2018-12-04 at 2.51.24 PM.png

“സര്‍ക്കാര്‍ തന്ന 3 ലക്ഷം രൂപയ്ക്ക് പണി തുടങ്ങിയ വീടാണ്. അവസാന ഗഡു കുറച്ച് പൈസ കൂടി കിട്ടാന്‍ ഉണ്ടായിരുന്നു. നിലം പണി ഒഴിച്ച് മറ്റെല്ലാം മിക്കവാറും കഴിഞ്ഞതാണ്. ഇപ്പൊ നിക്കുന്ന വീടിന് 30 വര്‍ഷം പഴക്കം ഉണ്ട്. അത് അമ്മേടെ വീടാണ്. പുതിയ വീട്ടിലേക്ക് ഓണത്തിന് താമസം മാറാന്‍ ഇരുന്നതാ. അപ്പോ ആണ് ഭൂമികുലുക്കോണ്ടായത്. ക്യാമ്പീന്ന് വന്നപ്പോ, പുതിയ വീടിന്റെ തറയും ചുവരും എല്ലാം വിള്ളല്‍ വീണിട്ടുണ്ട്. താമസിക്കണ്ടാന്ന് പഞ്ചായത്തീന്ന് പ്രസിഡന്റും മെമ്പറും വന്ന് പറഞ്ഞു. അതോണ്ട് പഴേ വീട്ടില്‍ തന്നെ ആണ് ഇപ്പഴും. അതിന്റെ ചൊമരെല്ലാം പോയതാണ്. പയേ വീടല്ലേ? അതോണ്ട് രാത്രി മാത്രേ കയറാറുള്ളൂ. രാത്രീലും പേടിച്ചാണ് ഉറക്കം.” ശാന്ത ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

വിള്ളലുകള്‍ വീണ വീടുകളില്‍ നിന്നും മാറിപ്പോകാന്‍ ഇവര്‍ക്ക് നിര്‍ദേശം കിട്ടിയിട്ടുണ്ട്. എന്നാല്‍ എങ്ങോട്ട് പോകണമെന്നോ എവിടേയ്ക്ക് മാറണമെന്നോ അവരോട് ആരും പറഞ്ഞിട്ടില്ലെന്ന് കോളനിയിലെ കുടുംബങ്ങള്‍ പറയുന്നു. പോകാന്‍ മറ്റൊരിടം ഇല്ലാത്തത് കൊണ്ടും സര്‍ക്കാരും പഞ്ചായത്തും കൃത്യമായി ഇടപെടാത്തത് കൊണ്ടും ഇവിടത്തെ മിക്കവാറും കുടുംബങ്ങള്‍ ശാന്തയേയും കുടുംബത്തേയും പോലെ വിള്ളലുകള്‍ വീണ വീടിനകത്തു തന്നെയാണ് അന്തിയുറങ്ങുന്നത്.

“പുതിയ വീടിനുള്ള അപേക്ഷ കൊടുക്കാന്‍ പഞ്ചായത്തില്‍ പോയിരുന്നു. അപേക്ഷ കൊടുക്കേം ചെയ്തു. പൂര്‍ണ്ണമായും വീട് പോയോര്‍ക്ക് വീട് കൊടുത്തിട്ടേ ഞങ്ങള്‍ടെ അപേക്ഷ എടുക്കൂ എന്നാണ് അവിടുന്ന് പറഞ്ഞത്. അതോണ്ട് ഞങ്ങള്‍ ഇങ്ങ് പോന്നു.” ഒമ്പതാം ക്ളാസില്‍ പഠിത്തം നിര്‍ത്തിയ ആവണി പറയുന്നു.

“പഞ്ചായത്തിന്റെ മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ച് ആദ്യം വീട് നല്‍കുന്നത് പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട ആളുകള്‍ക്കാണ്. അത് കഴിഞ്ഞ് ഇവരെ പരിഗണിക്കാന്‍ ആണ് നിര്‍ദേശം. 43 കുടുംബങ്ങള്‍ക്കും വീട് കെട്ടി കൊടുക്കാന്‍ അത്ര പെട്ടെന്ന് എന്തായാലും പറ്റില്ല. അതോണ്ട് 5 സെന്റ് സ്ഥലോം അതില്‍ ഒരു ഷെഡും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. അതിനുള്ള സ്ഥലം ഇത് വരെ കണ്ടെത്തിയിട്ടില്ല. സ്ഥലം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പഞ്ചായത്ത്.” പ്ളാമൂല വാര്‍ഡ് മെമ്പര്‍ ശ്രീജ വിശദീകരിച്ചു.

” പ്രളയത്തിന് ശേഷം ജോലിക്ക് പോയിട്ടില്ല. പോകാന്‍ നാട്ടില്‍ ജോലി വേണ്ടേ? പോയാ തന്നെ തരാന്‍ കൂലി വേണ്ടേ, പുരേടത്തില്‍ ഉള്ളത് പറിച്ചു വിറ്റും ഉള്ളത് വെച്ചുണ്ടാക്കിയും ആണ് ഇത്രയും ദിവസം കഴിച്ചു കൂട്ടിയത്. അഞ്ച് സെന്റ് സ്ഥലോം അതില്‍ ഒരു ഷെഡും കിച്ച് ഞങ്ങള്‍ അങ്ങോട്ട് പോയാല്‍ എങ്ങനെ ജീവിക്കും, എന്ത് ജോലിക്ക് പോകും? ഏതോ നാട്ടില്‍ ഏതോ ഊരില്‍ ഞങ്ങള്‍ക്ക് എന്ത് പണി കിട്ടും.? പോകാണ്ടിരിക്കാന്‍ പറ്റോ, ഇവിടെ കിടന്നാല്‍ എങ്ങനാ?” 50 കഴിഞ്ഞ മണ്ഡ്യന്‍ ഞങ്ങളോട് പറഞ്ഞു.

ആദിവാസികളാണ്. അവകാശങ്ങളേയോ അധികാരങ്ങളേയോ ആവശ്യങ്ങളേയോ കുറിച്ച് സംസാരിക്കാനോ, വാദിച്ച് നേടിയെടുക്കാനോ ആറിയാത്തവരാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഇവരെ മറന്ന് പോകരുതെന്നും മുന്‍ഗണനാ ലിസ്റ്റില്‍ ഇവര്‍ക്ക് കൂടി പ്രാധാന്യം നല്‍കണമെന്നും മാത്രമാണ് സര്‍ക്കാരിനോട് ഇവരോടൊപ്പം നിന്നു കൊണ്ട് പറയാനുള്ളത്.