| Saturday, 13th October 2018, 10:34 am

ധനസമാഹരണം; മന്ത്രിമാരുടെ വിദേശസന്ദര്‍ശനം തടഞ്ഞ് കേന്ദ്രം; മുഖ്യമന്ത്രിക്ക് മാത്രം അനുമതി;കര്‍ശന നിബന്ധനയുമായി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനാവശ്യമായ ധനസമാഹരണത്തിനുള്ള മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രയില്‍ കടുംപിടുത്തവുമായി കേന്ദ്രം.

മുഖ്യമന്ത്രിക്ക് മാത്രമാണ് വിദേശ യാത്രയ്ക്ക് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അതും കര്‍ശന നിബന്ധനകളോടെയാണ്. ഈ മാസം 18 ന് അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശം. ഇവിടെ ഔദ്യോഗിക യോഗങ്ങളിലൊന്നും മുഖ്യമന്ത്രി പങ്കെടുക്കാന്‍ പാടില്ലെന്നും ദുരിതാശ്വാസ പരിപാടികളില്‍ മാത്രമേ പങ്കുചേരാവൂ എന്നുമാണ് നിബന്ധനയില്‍ പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് വിദേശയാത്രയ്ക്ക് അനുമതി ചോദിച്ചിരുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അപേക്ഷകള്‍ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രം അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഉത്തരവ് വന്നിരിക്കുന്നത്.


നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ പേരും ”മീ ടു”ആക്കാം ; എം.ജെ അക്ബറിനെതിരായ ആരോപണങ്ങള്‍ ശരിയാകണമെന്നില്ല, പരിശോധിക്കും: അമിത് ഷാ


ഈ മാസം 18 മുതല്‍ 24 വരെ മന്ത്രി തോമസ് ഐസക് അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. 21 മുതല്‍ മന്ത്രി ഇ.പി ജയരാജന്‍ കുവൈത്തിലും സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാടോടെ മന്ത്രിമാരുടെ വിദേശസന്ദര്‍ശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വായ്പ പരിധി ഉയര്‍ത്തുന്നതിലും കര്‍ശന നിബന്ധനയാണ് കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്. കേന്ദ്രം പരിധിയുയര്‍ത്താതെ കേരളത്തിന് കടമെടുക്കാനാവില്ല. കേരളത്തിന് ലഭിക്കാനിരുന്ന ലോകബാങ്ക്, എ.ഡി.ബി വായ്പകളും ഇതോടെ അനിശ്ചിതത്വത്തിലാണ്.

പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ പ്രവാസി മലയാളികളുടെ സഹായം തേടി മന്ത്രിമാര്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനിച്ചത്. ഗള്‍ഫ് നാടുകളും യൂറോപ്പും ഉള്‍പ്പെടെ 17 രാജ്യങ്ങളാണ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.

പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണമാണ് ഈ ഘട്ടത്തില്‍ പ്രധാന വെല്ലുവിളിയെന്നും അതുകൊണ്ടാണ് മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു പ്രവാസികളില്‍നിന്നു സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more