ബംഗളൂരു: പ്രളക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് കര്‍ണാടകയിലെ ബി.ജെ.പി നേതാവും. നേരത്തേ സമൂഹമാധ്യമങ്ങളില്‍ ആര്‍.എസ്.എസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നുയര്‍ന്നതിനു സമാനമായ പ്രതികരണമാണ് ബി.ജെ.പി നേതാവ് ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാലില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയതിനാലാണ് മലയാളികള്‍ക്ക് ഇത്തരമൊരു ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നതെന്നാണ് യത്‌നാലിന്റെ പ്രസ്താവന.
കേരളത്തിലുള്ളവര്‍ പശുക്കളെ കശാപ്പു ചെയ്യുന്നവരാണെന്നും ഇതുകാരണമാണ് വെള്ളപ്പൊക്കവും ദുരിതങ്ങളുമുണ്ടായതെന്നും യത്‌നാല്‍ അഭിപ്രായപ്പെടുന്നു. “പശുക്കളെ കശാപ്പു ചെയ്യുന്നത് ഹൈന്ദവസമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തും. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല.”
“കേരളത്തില്‍ സംഭവിച്ചതെന്തെന്നു നോക്കൂ, പരസ്യമായി പശുക്കളെ കശാപ്പുചെയ്തവരാണവര്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ എത്തിനില്‍ക്കുന്നത് ഈ നിലയിലാണ്.” യത്‌നാല്‍ പറയുന്നു. ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം കാത്തിരിക്കുന്നത് സമാനമായ ശിക്ഷയാണെന്നും യത്‌നാല്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് നിരോധന ശ്രമത്തിനെതിരെ പ്രതിഷേധിക്കാനായി മുന്‍പ് എം.എല്‍.എമാര്‍ നിയമസഭാ കാന്റീനില്‍ നടന്ന ബീഫ് ഫെസ്റ്റിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു യത്‌നാലിന്റെ പ്രസ്താവന. നേരത്തേയും വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തയിലിടം നേടിയിട്ടുള്ളയാളാണ് യത്‌നാല്‍. ആഭ്യന്തരമന്ത്രിയായിരുന്നെങ്കില്‍ താന്‍ രാജ്യത്തെ ചിന്തകരെയെല്ലാം വെടിവച്ചുകൊന്നേനെ എന്നും യത്‌നാല്‍ മുന്‍പു പറഞ്ഞിട്ടുണ്ട്.
മുസ്ലിം വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കരുതെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കി വിവാദത്തില്‍പ്പെട്ടയാളാണിദ്ദേഹം. തന്റെ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നില്‍ ഹിന്ദുക്കളാണെന്നും അവര്‍ക്കു വേണ്ടി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്നുമായിരുന്നു യത്‌നാലിന്റെ വാദം.