| Tuesday, 12th October 2021, 4:12 pm

കേരളത്തിന് പ്രളയ മുന്നറിയിപ്പ് ; കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ജാഗ്രതാ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ് നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതിതീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.

കേരത്തില്‍ ഇത്തിക്കരയാറിലാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.

കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാവുമെന്നാണ് വിലയിരുത്തല്‍.

കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് ജലകമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ നിലവില്‍ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലേര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

യെല്ലോ അലേര്‍ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ലഭിക്കാന്‍ സാധ്യത. ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ അപകട സാധ്യതയുള്ള മലയോര മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റും.

രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Flood Warning

We use cookies to give you the best possible experience. Learn more