മധ്യകേരളത്തിലെ പ്രളയത്തേക്കുറിച്ചാണ് ഈ കുറിപ്പ്. എറണാകുളത്തിന്റെ വടക്കു കിഴക്കന്‍ മേഖലയാകമാനം മുക്കിക്കളഞ്ഞത് പെരിയാറും ചാലക്കുടിപ്പുഴയും ചേര്‍ന്നാണ്. പ്രളയ ദിനങ്ങളില്‍ പെരിയാറിലെ ഭൂതത്താന്‍കെട്ട് ഡാമിലൂടെ ഒഴുകിയ വെള്ളത്തിന്റെ അളവ് 7500 ക്യൂമക്സായിരുന്നു. അതായത് ഒരു സെക്കന്റില്‍ 75 ലക്ഷം ലിറ്റര്‍ വെള്ളം. ഈ വെള്ളത്തില്‍ ഡാമിന് അപ്പുറവും ഇപ്പുറവും ഒരേ ജലവിതാനത്തിലായിപ്പോയെന്ന് നാട്ടുകാര്‍ പറയുന്നു.
ആ സമയത്ത് ഇടുക്കിയില്‍ നിന്നും ഒഴുക്കിവിട്ടിരുന്ന വെള്ളം 1500 ക്യൂമക്സ് ആയിരുന്നു. 1000 ക്യൂമക്സ് ഇടമലയാറില്‍ നിന്നും ഏതാണ്ട് അത്ര തന്നെ കല്ലാര്‍കുട്ടി ഡാമില്‍ നിന്നും ഒഴുകിയെത്തി. ബാക്കി വെള്ളം എവിടെ നിന്നാണ്? ഇരവികുളത്ത് നിന്നുമൊഴുകുന്ന കരിന്തിരിയാറും മാങ്കുളമാറും ഒന്നായി മാറുന്ന പൂയംകുട്ടിപ്പുഴ, നേര്യമംഗലത്ത് പെരിയാറില്‍ ലയിക്കുന്ന ദേവിയാറ് എന്നിങ്ങനെ നിരവധി ചെറു നദികളും കൈത്തോടുകളുമടക്കം നിറഞ്ഞൊഴുകി എത്തിയ വെള്ളമായിരിക്കണം അത്. നിര്‍ത്താതെ പെയ്ത കനത്ത മഴ 4000 ക്യൂമക്‌സ് വെള്ളം പുഴയിലെത്തിക്കുമോ? അങ്ങനെയെങ്കില്‍ ആ മഴ എന്തൊരു മഴയായിരിക്കണം.
ഓഗസ്റ്റ് 9 മുതല്‍ 15 വരെ കേരളത്തില്‍ പെയ്ത മഴയുടെ അളവ് 35.2 സെന്റീമീറ്ററാണ്. 9.85 ആണ് ശരാശരി പ്രതീക്ഷിക്കുന്നത്. ലഭിക്കേണ്ട മഴയുടെ മൂന്നിരട്ടിയിലധികം മഴ പെയ്തു എന്നര്‍ത്ഥം. ഇടുക്കി ജില്ലയുടെ കണക്ക് ഇതിലും ഭീകരമാണ്. 12.6 സെന്റീ മീറ്റര്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് പെയ്തത് 67.9 സെന്റീമീറ്റര്‍. അതായത് അഞ്ചിരട്ടി. ഇത്രയും വെള്ളം കുറഞ്ഞ സമയപരിധിയില്‍ ഒഴുകിയെത്തിയാല്‍ എങ്ങനെയാണത് കടലിലേക്ക് ഒഴുകുക? മധ്യകേരളത്തിലെ പുഴകളും വേമ്പനാട്ട് കായലുമൊക്കെ ചേരുന്ന എക്കോ സിസ്റ്റത്തേക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞാല്‍ അത് മനസിലാക്കാന്‍ എളുപ്പമാകും.
1 എറണാകുളം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, എന്നീ ജില്ലകളും തൃശൂരിന്റേയും കൊല്ലത്തിന്റേയും ചിലഭാഗങ്ങളുമടങ്ങുന്ന പ്രദേശത്ത് പെയ്യുന്ന വെള്ളമെല്ലാം ഒഴുകിയെത്തുന്നത് വേമ്പനാട്ട് കായലിലാണ്.
2കേരളത്തിന്റെ 40% വരും ഈ പ്രദേശം. വേമ്പനാടിന്റെ വൃഷ്ടിപ്രദേശം 15770 ചതുരശ്ര കിലോമീറ്ററാണെന്ന് കണക്കുകള്‍.
3 ചെറുതും വലുതുമായ 10 നദികളാണ് വേമ്പനാട്ട് കായലില്‍ ഒഴുകിയെത്തുന്നത്. ഇതില്‍ പെരിയാര്‍, പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല, മൂവാറ്റുപുഴ എന്നിവയാണ് നല്ല നീരൊഴുക്കുള്ള നദികള്‍
4 തണ്ണീര്‍മുക്കം ബണ്ട് വേമ്പനാടിനെ രണ്ടായി തിരിക്കുന്നു. ഇതില്‍ കുട്ടനാട് പ്രദേശത്തേക്കാണ് പെരിയാര്‍ ഒഴികെ എല്ലാ വലിയ നദികളും ഒഴുകിയെത്തുന്നത്.
5കഴിഞ്ഞ 100 വര്‍ഷം കൊണ്ട് കായലിന്റെ വെള്ളമുള്‍ക്കൊള്ളുന്ന പ്രദേശം 37% കുറഞ്ഞതായി പഠനങ്ങള്‍ പറയുന്നുണ്ട്. അതായത് വെള്ളത്തെ ഉള്‍ക്കൊള്ളാനുള്ള കായലിന്റെ ശേഷി അത്രകണ്ട് കുറഞ്ഞിരിക്കുന്നു.
6 വേമ്പനാട്ട് കായലിലെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാന്‍ 5 എക്സിറ്റുകളാണുള്ളത്. ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കൊടുങ്ങല്ലൂരിനടുത്തുള്ള മുനമ്പം, വൈപ്പിനും ഫോര്‍ട്ട് കൊച്ചിക്കുമിടയിലെ കപ്പല്‍ചാല്‍(കമ്മാലക്കടവ്), ചേര്‍ത്തലക്ക് സമീപമുള്ള അന്ധകാരനഴി, തോട്ടപ്പള്ളി സ്പില്‍വേ, കായംകുളത്തിനടുത്തുള്ള വലിയഴീക്കല്‍ എന്നിവയാണവ. ആലപ്പുഴ നഗരത്തിലെ കനാലുകള്‍ കടലിലേക്ക് തുറസുള്ളവയല്ല. ഇത്തവണ കനാല്‍ പൊഴി പൊട്ടിക്കാന്‍ ഉത്തരവായിരുന്നു. വലിയ ഗുണമൊന്നും കിട്ടിയില്ലെന്നാണ് സൂചന
7 വലിയ അഞ്ച് നദികള്‍ എത്തുന്ന കുട്ടനാട് പ്രദേശത്ത് നിന്ന് വെള്ളം ഒഴുകിപ്പോകാന്‍ തോട്ടപ്പിള്ളി സ്പില്‍വേ ആണ് പ്രധാനമായും സഹായിക്കുന്നത്. അന്ധകാരനഴിയിലേക്കും വലിയഴീക്കലേക്കുമുള്ള തോടുകള്‍ വ്യാപകമായി കയ്യേറ്റത്തിന് ഇരയായിട്ടുണ്ട്. കുട്ടനാട്ടിലെ പ്രളയജലം ഇനിയും ഒഴുകിപ്പോകാത്താതിന് കാരണം മറ്റൊന്നല്ല.
8 താരതമ്യേന വലിയ രണ്ട് അഴിമുഖങ്ങളായ കമ്മാലക്കടവിലൂടെയും കൊടുങ്ങല്ലൂരിനടുത്ത മുനമ്പം അഴിമുഖത്തിലൂടെയും വേഗത്തില്‍ വെള്ളം ഇറങ്ങിപ്പോകുന്നതിനാലാണ് ചാലക്കുടി മുതല്‍ ആലുവ വരെയുള്ള പ്രദേശങ്ങളിലെ വെള്ളം വേഗത്തില്‍ ഇറങ്ങിയത്. വേലിയിറക്കമുള്ളപ്പോള്‍ വേഗത്തില്‍ വെള്ളമിറങ്ങുകയും കയറ്റത്തിന് കായലിലേക്ക് തിരിച്ചൊഴുകുകയും ചെയ്യുന്നതാണിവിടത്തെ പതിവ്.
ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ചില നിഗമനങ്ങളില്‍ എത്താമെന്ന് തോന്നുന്നു. തോട്ടപ്പിള്ളിയെ മാത്രം ആശ്രയിച്ച് കുട്ടനാട്ടിലെ പ്രളയജലത്തെ നിയന്ത്രിക്കാനാകില്ലെന്ന് നമുക്ക് തിരിച്ചറിവായിട്ടുണ്ട്. അതിനാലാണ് തണ്ണീര്‍മുക്കം ബണ്ടിലെ മണ്‍ചിറ ഇപ്പോള്‍ നീക്കിക്കൊണ്ടിരിക്കുന്നത്. ബണ്ടിന് കുറച്ചുകൂടി തുറസ് ലഭിച്ചാല്‍ വേമ്പനാട് രണ്ടായി നില്‍ക്കുന്നത് അവസാനിക്കും. ഇതോടെ കൊച്ചി മേഖലക്ക് കിട്ടുന്ന ഗുണം ഇല്ലാതാകും. പമ്പയില്‍ പെയ്യുന്ന വെള്ളം ഫോര്‍ട്ട് കൊച്ചിയിലെ കമ്മാലക്കടവിലൂടൊഴുകും. ഫലം പെരിയാറിന്റെ ഒഴുക്ക് കുറച്ചുകൂടി കുറയും.
കുട്ടനാട്ടിലെ പ്രളയത്തിന് പരിഹാരമായി തണ്ണീര്‍മുക്കം തുറന്നത് കൊണ്ടുമാത്രമായില്ല. അന്ധകാരനഴിയിലേക്കും കായംകുളത്തെ വലിയഴീക്കലേക്കുമുള്ള തോടുകളിലെ കയ്യേറ്റം ഒഴുപ്പിക്കാന്‍ കൂടി നടപടി ഉണ്ടാകണം. അല്ലെങ്കില്‍ കുട്ടനാട്ടുകാര്‍ ഇനിയും വര്‍ഷാവര്‍ഷം ചങ്ങനാശേരിയിലെ ക്യാംപുകളിലേക്ക് ഓടേണ്ടിവരുമെന്നുറപ്പ്. കാനോലി സായിപ്പ് പണ്ട് വെട്ടിയ കനാല്‍ പോലൊന്ന് ഉണ്ടാക്കിയാലും തരക്കേടില്ല. കുട്ടനാട്ടിലെ പ്രളയ ജലം ഒഴുക്കാന്‍ അന്ധകാരനഴിക്കും ആലപ്പുഴക്കും ഇടയില്‍ അറബിക്കടലിലേക്ക് ഒരു കനാല്‍. (അപ്രായോഗികം എന്നാണ് ഒറ്റയടിക്ക് തോന്നുക. കുട്ടനാട് ഇപ്പോഴും മുങ്ങിക്കിടക്കുകയാണ്. പന്തളവും ചെങ്ങന്നൂരും മുക്കി പമ്പയും അച്ചന്‍കോവിലാറും പരന്നൊഴുകിയത് ഓര്‍മ്മയിലുണ്ട്. ശാശ്വതമായ പരിഹാരമാണ് തേടുന്നത്. അപ്പോള്‍ ഇങ്ങനെയും ആലോചന പോയേക്കാം)
പെരിയാര്‍ ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞ് ഒരുഭാഗം വലത്ത് മാഞ്ഞാലി വഴി മുനമ്പത്തേക്ക് ഒഴുകുന്നു. ഇതിലേക്കാണ് ചാലക്കുടിപ്പുഴ വന്ന് ചേരുന്നത്. ഇടത്തേക്കൊഴുകുന്ന പെരിയാറിന്റെ ഭാഗം വരാപ്പുഴ വഴി കമ്മാലക്കടവിലെത്തുന്നു. വലിയ ഭൂപ്രദേശത്ത് പെയ്യുന്ന വെള്ളമെല്ലാം രണ്ട് അഴിമുഖങ്ങളിലൂടെ കടലിലെത്തണം. ഇതിനിടയില്‍ മറ്റൊരു നിയന്ത്രിത തുറസ് ഉണ്ടാക്കാമെങ്കില്‍ പെരിയാര്‍ തടത്തിലെ പരന്ന ഭൂപ്രദേശമായ ആലുവ, പറവൂര്‍ മേഖല ഇത്തരം വെള്ളപ്പൊക്ക സാഹചര്യങ്ങളില്‍ നിന്ന് ഒട്ടൊക്കെ രക്ഷപെടുമെന്നാണ് തോന്നുന്നത്.
ഈ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് രമേശ് ചെന്നിത്തല പറയുമ്പോള്‍, കടലിലേക്കുള്ള തുറസുകള്‍ തടഞ്ഞവര്‍ എന്ന നിലക്ക് നമുക്കതിനെ എതിര്‍ക്കാനാകില്ല. അതിലപ്പുറം ഡാമുകള്‍ തുറന്നതിലാണ് വെള്ളപ്പൊക്കമെന്ന വാദമൊക്കെ ചുമ്മാ കക്ഷിരാഷ്ട്രീയം മാത്രമാണ്. വിഷയത്തില്‍ പരിഹാരമില്ലാതാകാനേ അത് ഉപകരിക്കൂ. ലോകമെങ്ങും ഇത്തരം അതിദ്രുതവര്‍ഷം വെള്ളപ്പൊക്കങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അടുത്തിടെ ഛത്തീസ്ഗഡില്‍ നമ്മളത് അനുഭവിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ക്ലൗഡ് ബ്ലാസ്റ്റുകളില്‍ നിന്നും മധ്യകേരളത്തെ രക്ഷിക്കാന്‍ പുതിയ വഴികളെന്തെങ്കിലും കണ്ടെടുക്കേണ്ടിവരുമെന്നുറപ്പ്. വേമ്പനാട്ട് കായലിനോട് നാം കുറച്ച് കൂടി മമതയുള്ളവരായി മാറുക എന്നതാണ് അതിലേക്കുള്ള ആദ്യപടി.