കോഴിക്കോട്: ദുരന്ത മുഖത്ത് വിറങ്ങലിച്ച് സംസ്ഥാനത്തെ മലയോരഗ്രാമങ്ങള്‍. സംസ്ഥാനത്തെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുന്നതാണ് ദുരന്തത്തിന്റെ ഭീകരതയും ഇരട്ടിയാക്കിയത്. കഴിഞ്ഞ ദിവസവും വനപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതോടെ മലവെള്ളപ്പാച്ചില്‍ ശക്തമായി. കവളപ്പാറ, വിലങ്ങാട്, എടവണ്ണ, പുത്തുമല തുടങ്ങി നിരവധി പ്രദേശങ്ങളാണ് വന്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്.
മേപ്പാടി പുത്തുമലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായിട്ടുണ്ട്. അതേസമയം ഇവിടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഫയര്‍ഫോഴ്‌സിന്റെ 40 അംഗ സംഘം, ആര്‍മി, എന്‍.ഡിആര്‍.എഫ് സംഘങ്ങള്‍ എന്നിവര്‍ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ന് രാവിലെയോടെ ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പുത്തുമല പ്രദേശം മുഴുവന്‍ മണ്ണിനടിയിലായിട്ടുണ്ട്. പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിയവരെ ഉടന്‍ മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വയനാട് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. 24990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. 186 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബാണാസുര സാഗറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയാണ്. ഈ മഴവെള്ളം കരമന്‍തോടിലേക്ക് ഒഴുക്കിവിടേണ്ടതാണ്. അവിടെ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരവധി പേര്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഉരുള്‍പൊട്ടലില്‍പെട്ട് 30 പേരെ കാണാതായിട്ടുളതായാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം. കാണാതായവര്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
പുത്തുമലയില്‍ നൂറേക്കറിലധികം സ്ഥലമാണ് ഒലിച്ചുപോയത്. പുത്തുമല ഒറ്റപ്പെട്ടുപോയതിനാല്‍ തന്നെ ഇവിടെ രക്ഷാപ്രവര്‍ത്തനവും ദുസ്സഹമായിരുന്നു. വൈത്തിരി താലൂക്കിലെ പുത്തുമലയില്‍ നാല് പാടികളിലായി നൂറോളം പേരായിരുന്നു താമസിച്ചിരുന്നത്. എസ്റ്റേറ്റ് തൊഴിലാളികളാണ് ഇവിടെ അപകടപ്പെട്ടത്. അമ്പലവും പള്ളിയും ഉള്‍പ്പെടെ ഒലിച്ചുപോകുകയുണ്ടായി.
പുത്തുമല ദുരന്തത്തിനിടയാക്കിയത് കനത്ത മഴക്കൊപ്പം സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസമാണെന്നാണ് കണ്ടെത്തല്‍. വ്യാപകമായി മരം മുറി നടന്ന പ്രദേശങ്ങളിലാണ് സോയില്‍ പൈപ്പിങ് സംഭവിക്കുന്നത്.
മുറിച്ച മരത്തിന്റെ ജീര്‍ണിച്ച വേരുകളിലൂടെ വെള്ളം ഇറങ്ങിയാണ് സോയില്‍ പൈപ്പിങ് നടക്കുന്നത്. ഇതുവഴിയുണ്ടായ വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് മേഖലയില്‍ ദുരന്തമുണ്ടാക്കിയതെന്നാണ് കരുതപ്പെടുന്നത്.
പുത്തുമലയില്‍ ഒന്നര മീറ്റര്‍ മാത്രമാണ് മണ്ണിന്റെ കനം. മാത്രമല്ല ഇരുപത് മുതല്‍ അറുപത് ഡിഗ്രി വരെ ചെരിവുള്ള പ്രദേശവുമാണിത്. ഇവിടെ വെള്ളമിറങ്ങിയതോടെ മണ്ണും പാറയും തമ്മിലുള്ള ബന്ധമില്ലാതായി. ഇതോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ്
വയനാട് ജില്ലാ മണ്ണ് സംരക്ഷണവിഭാഗം മേധാവി പി യു ദാസ് പറയുന്നത്.
വന്‍ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു പ്രദേശം നിലമ്പൂര്‍ പോത്തുകല്ല് കവളപ്പാറയാണ്. 19 ഓളം വീടുകളാണ് ഇവിടെ മണ്ണിനടയില്‍പ്പെട്ടത്. അന്‍പതോളം പേരെ ഇവിടെ കാണാതായിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചെങ്കിലും ഇന്നത്തോടെ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സൈന്യത്തിന് ഇവിടെ ഇതുവരെ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
” എന്റെ ഭാര്യയും മകളും ഉള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെയാണ് കാണാതായത്. ഇതുവരെ സൈന്യം ഇവിടെ എത്തിയിട്ടില്ല. അവര്‍ ജീവനോടെയുണ്ടാകുമെന്ന് പ്രതീക്ഷയില്ല. എന്ത് ചെയ്യണമെന്ന് അറിയില്ല”- കണ്ണീരോടെ കവളപ്പാറ സ്വദേശി പറയുന്നു.
ഇവിടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും നിലച്ചിട്ട് ദിവസങ്ങളായി. പ്രദേശത്തേക്കുള്ള വഴിയിലും മറ്റും മണ്ണിടിഞ്ഞും മരം വീണും ഗതാഗതും ഏതാണ്ട് പൂര്‍ണമായി തടസ്സപ്പെട്ട നിലയിലാണ്. അതേസമയം ഉരുള്‍പൊട്ടല്‍ സാധ്യത അറിയിക്കുന്നതില്‍ അധികൃതര്‍ പരായപ്പെട്ടത് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതായും ആരോപണമുണ്ട്.
ജില്ലയിലെ മലയോരമേഖലയായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ആലിമൂല മലയില്‍ ഉരുള്‍പൊട്ടി നാല് പേരാണ് മരിച്ചത്. ഇതില്‍ ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11. 15 ഓടെയായിരുന്നു നാടിനെ വിറപ്പിച്ച ദുരന്തമുണ്ടായത്. മൂന്ന് വീടുകള്‍ പൂര്‍ണമായും ഒന്‍പത് വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. ശക്തമായ മഴയോടൊപ്പം ഉഗ്രശബ്ദത്തോടെ മലമുകളില്‍ നിന്ന് പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണം കുത്തി ഒഴുകി വീടുകളില്‍ പതിക്കുകയായിരുന്നു. എന്നാല്‍ ഇവിടെ കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനം തുടരാന്‍ സാധിച്ചില്ല. ഇന്ന് രാവിലെയോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടരുന്ന കണ്ണൂരില്‍ ഏഴിടത്താണ് ഉരുള്‍പൊട്ടിയത്. നിരവധി പ്രദേശങ്ങള്‍ ഇവിടെ വെള്ളത്തിനടിയിലായി. ഇരിട്ടി നഗരസഭയിലെ വട്ടക്കയം കണ്ടറിഞ്ഞിമല, മുഴക്കുന്ന് പഞ്ചായത്തിലെ അമ്പലക്കണ്ടി, കൊട്ടിയൂര്‍ പഞ്ചായത്തിലെ വെങ്ങലോടി, കേളകം പഞ്ചായത്തിലെ അടക്കാത്തോടും മാക്കൂട്ടം വനത്തിലുമാണ് വെള്ളിയാഴ്ച ഉരുള്‍ പൊട്ടിയത്. കേളകം മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണിച്ചാര്‍ നഗരവും വെള്ളത്തില്‍ മുങ്ങി. കൊട്ടിയൂരില്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി രണ്ട് തവണയാണ് ഒരേ സ്ഥലത്ത് ഉരുള്‍ പൊട്ടിയത്.
മലപ്പുറം കോട്ടക്കുന്നതില്‍ മണ്ണിടിഞ്ഞ് മൂന്ന് പേരെ കാണാതായിട്ടുണ്ട്. കനത്ത മഴ തുടരുന്ന ഇവിടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്.