കോഴിക്കോട്: പ്രളയബാധിതരുടെ പുനരധിവാസത്തിനും നവകേരള സൃഷ്ടിക്കുമായി സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 12.80 കോടി രൂപ. രണ്ട് ദിവസമായി വിദ്യാലയങ്ങളില്‍ നിന്ന് ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ നിന്ന് ശേഖരിച്ച് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സമ്പൂര്‍ണ പോര്‍ട്ടലില്‍ ബുധനാഴ്ച വൈകീട്ട് ആറ് വരെ രേഖപ്പെടുത്തിയ തുകയുടെ കണക്കാണിത്.
12,855 ല്‍ 212 സ്‌കൂള്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഒഴികെ ബാക്കി സംസ്ഥാന സിലബസിലുള്ള സ്‌കൂളുകളാണ്. സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് കോഴിക്കോട് നടക്കാവ് ഗവര്‍മെന്റ് ഗേള്‍സ് വി.എച്ച്.എസ്.എസ് സ്‌കൂളും(10.05) ജില്ലയില്‍ മലപ്പുറവുമാണ്. (2.1 കോടി). പല സ്‌കൂളും തുക അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ കൃത്യമായ കണക്ക് ലഭ്യമാകുന്നതേയുള്ളൂ.
തുക അടക്കുന്ന സമയത്ത് ചില ശാഖകളില്‍ നിന്ന് ശേഖരിച്ച സര്‍വീസ് ചാര്‍ജ് ദുരിതാശ്വാസ ഫണ്ടില്‍ തന്നെ നിക്ഷേപിക്കുമെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് 50 ലക്ഷത്തോളം കുട്ടികളില്‍ നിന്ന് ഒരേസമയം ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതും അവയുടെ തത്സമയ കണക്കെടുപ്പ് ഓണ്‍ലൈനായി നടത്തുന്നതും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളില്‍ നിന്ന് കുട്ടികളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. സ്‌കൂളുകളില്‍ കുട്ടികളില്‍ നിന്ന് പിരിക്കുന്ന തുക അവരുടെ രക്ഷിതാക്കള്‍ കൊടുത്തയക്കുന്ന തുകയാണ്. സംഭാവനകള്‍ നല്‍കാത്ത കുട്ടികള്‍ക്കെതിരെ ഒരു ശിക്ഷാ നടപടിയും സ്വീകരിക്കില്ല. ജനങ്ങള്‍ സ്വയം സന്നദ്ധരായി സംഭാവന ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
നവകേരളനിര്‍മിതിക്കായുള്ള വിഭവ സമാഹരണത്തിന് കോഴിക്കോട് ജില്ല നിറഞ്ഞ പിന്തുണയാണ് നല്‍കിയത്. അഞ്ചരക്കോടിയിലേറെ രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങള്‍ നല്‍കിയത്. മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ സിറ്റിങ്ങില്‍ നൂറുകണക്കിനാളുകള്‍ സംഭാവനകളുമായെത്തി.
ഫറോക്കിലും കോഴിക്കോട് കളക്ടറേറ്റിലും നടത്തിയ സിറ്റിങ്ങില്‍ ഒരു ദിവസം മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4,09,85,902 രൂപയാണ്. ഫറോക്കില്‍നിന്ന് 1,45,95,902 രൂപയും കോഴിക്കോട് 2,63,90,000 രൂപയുമാണ് കിട്ടിയത്. ചൊവ്വാഴ്ച വടകരയിലും കുറ്റ്യാടിയിലും നടന്ന വിഭവസമാഹരണത്തില്‍ 1.57 കോടി രൂപയാണ് കിട്ടിയത്.
ജില്ലാ പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപയുടെ ചെക്ക് പ്രസിഡന്റ് ബാബു പറശ്ശേരിയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ഒരു കോടി രൂപയുടെ ചെക്ക് കളക്ടര്‍ യു.വി. ജോസും മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി.
കാക്കൂര്‍ വില്ലേജിലെ എസ്. സീതയുടെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചേവായൂര്‍ സഹകരണ ബാങ്ക് 10 ലക്ഷം രൂപയും കക്കോടി ഗ്രാമപ്പഞ്ചായത്ത് ആറു ലക്ഷം രൂപയും കൈമാറി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യ്ക്ക് വിവിധ സംഘടനങ്ങളില്‍ നിന്ന് ലഭിച്ച തുകകളുടെ ചെക്കുകള്‍ മന്ത്രിക്ക് കൈമാറി.
കോഴിക്കോട് ത്വഗ്രോഗാശുപത്രി അന്തേവാസികള്‍ പതിനായിരം രൂപയുടെ ചെക്ക് കൈമാറി. 82 അന്തേവാസികളുള്ള ആശുപത്രിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം നല്‍കുന്ന ആട്ടിറച്ചിക്കുള്ള തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, എ.ഡി.എം. ടി. ജനില്‍കുമാര്‍, തുടങ്ങിയവര്‍ കളക്ടറേറ്റില്‍ നടന്ന വിഭവ സമാഹരണത്തിന് നേതൃത്വം നല്‍കി.
ഫറോക്കില്‍ വി.കെ.സി. മമ്മദ് കോയ എം.എല്‍.എ.യുടെ ഓഫീസില്‍ നടന്ന ധനശേഖരണത്തില്‍ 1,39,61802 രൂപ ലഭിച്ചു. വി.കെ.സി.ഗ്രൂപ്പ് ഓഫ് കമ്പനിയിലെ തൊഴിലാളികള്‍-58 ലക്ഷം രൂപ, ചെറുവണ്ണൂര്‍ ജനകീയ കൂട്ടായ്മ -50,000 രൂപ, രാമനാട്ടുകര മുനിസിപ്പാലിറ്റി -1,16,210 രൂപ, ഫറോക്ക് മുനിസിപ്പാലിറ്റി -അഞ്ചു ലക്ഷം രൂപ, ഫറോക്ക് കോ-ഓപ്പറേറ്റീവ് കോളേജ് -ഒരു ലക്ഷം രൂപ, കാലിക്കറ്റ് ടൈല്‍സ് -ഒരു ലക്ഷം രൂപ, സുഭദ്ര അമരത്ത് പെന്‍ഷന്‍ തുകയായ 10,000 രൂപ, സി.കെ. വിജയകൃഷ്ണന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുക 30,000 രൂപ, വി.ജി. കണ്‍സ്ട്രഷന്‍സ് ഗോകുലം നടുവട്ടം ജീവനക്കാര്‍ -50,000 രൂപ, വേണുഗോപാല്‍ അച്ചിക്കാട്ട് -50,000 രൂപ എന്നിവ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഏറ്റുവാങ്ങി.