|

രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പിന്നില്‍ ആര്‍.എസ്.എസെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുകയും നിരവധിയാളുകളുടെ ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്ത മത്സ്യത്തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം ജില്ലയിലെ ആലപ്പാട് സ്വദേശി ചിന്തു പ്രദീപിനെയാണ് അതിമാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. രണ്ടു കൈകള്‍ക്കും നിരവധി വെട്ടുകളാണ് ഏറ്റിരിക്കുന്നത്. കൈയ്യുടെ മസിലുകളും, ഞരമ്പുകളും വെട്ടേറ്റ് വേര്‍പെട്ട നിലയിലാണ്. എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ് ചിന്തു പ്രദീപ്.

Image may contain: 6 people, outdoor and water


Read Also : അര്‍ണാബിനെ വിടാതെ മലയാളികള്‍; ഗൂഗിള്‍ പ്ലേസ്റ്റോറിലും റേറ്റിഗ് കുറച്ച് പ്രതിഷേധം


പ്രളയമുണ്ടായപ്പോള്‍ വിവാഹ നിശ്ചയം പോലും മാറ്റിവെച്ചാണ് ചിന്തു രക്ഷാദൗത്യത്തില്‍ പങ്കെടുത്തിരുന്നത്. രക്ഷാദൗത്യം പൂര്‍ത്തിയാക്കി മടങ്ങി വന്നിട്ട് രണ്ടു ദിവസം മാത്രമേ ആയിട്ടുള്ളു. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് വന്നതിന്റെ പിറ്റേന്ന്, നേരത്തേ മാറ്റിവച്ച വളയിടല്‍ ചടങ്ങ് നടത്തിയിരുന്നു.

ഇരുപതും ഇരുപത്തിയഞ്ചും വയസ്സുള്ള ചെറുപ്പക്കാരാണ് വടിവാളടക്കമുള്ള മാരകായുധങ്ങളുമായി ചിന്തുവിനെ ആക്രമിച്ചത്. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും ആരോപണമുണ്ട്.