| Tuesday, 16th October 2018, 8:57 am

മന്ത്രിമാരുടെ വിദേശയാത്ര; അനുമതിക്കായി കേന്ദ്രത്തിന് ചീഫ് സെക്രട്ടറിയുടെ കത്ത്; മുഖ്യമന്ത്രി ബുധനാഴ്ച യാത്രതിരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതിക്കായി കേന്ദ്രത്തിന് വീണ്ടും കത്ത് നല്‍കി കേരളം. മന്ത്രിമാര്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറിയാണ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത്.

പുതിയ കത്ത് തള്ളിക്കളയില്ലെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. നേരത്തെ അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം ബന്ധപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ആദ്യം അനുമതി നല്‍കിയത് എന്നാല്‍ മുഖ്യമന്ത്രിക്കു പോലും കര്‍ശന ഉപാധികളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ യാത്രയ്ക്കായുള്ള അനുമതി നല്‍കിയത്. മുഖ്യമന്ത്രി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

പ്രളയക്കെടുതി മറികടക്കാനുളള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന് അനുമതി തേടി ഈ മാസം ആദ്യമാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്.

Also Read എം.എം അക്ബറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്തു

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ മുതല്‍ 21 വരെയാണ് മന്ത്രിമാര്‍ വിദേശത്തേക്കു പോകാനിരുന്നത്. എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രം നാളെ പുറപ്പെടും. ഈ മാസം 20വരെ യു.എ.ഇയിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടാവുക. 17ന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി 19 ന് ദുബായിലും 20 ന് ഷാര്‍ജയിലും സന്ദര്‍ശനം നടത്തും.

നിലവില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ.രാജു എന്നിവരൊഴികെയുള്ള 17 മന്ത്രിമാരുടെ യാത്രയിലാണ് അനിശ്ചിതത്വമുള്ളത്.

Also Read സിനിമയില്‍ അഭിനയിക്കുന്നത് വിലക്കിയത് മുകേഷ്; റിട്ടയര്‍മെന്റ് സ്‌കീമായി എ.എം.എം.എ പണം നല്‍കുന്നത് എന്തിനെന്ന് വ്യക്തമാക്കണം: ഷമ്മി തിലകന്‍

18 മുതല്‍ ഒരാഴ്ചത്തെ അമേരിക്ക സന്ദര്‍ശനം നിശ്ചയിച്ച ധനമന്ത്രി തോമസ് ഐസക്കിനും 21 മുതല്‍ കുവൈറ്റ് സന്ദര്‍ശനം നിശ്ചയിച്ച വ്യവസായമന്ത്രി ഇ.പി ജയരാജനും അടക്കം 17 മന്ത്രിമാര്‍ക്കും ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വിദേശ സന്ദര്‍ശനങ്ങള്‍ വഴി 5,000 കോടി രൂപ പിരിച്ചെടുക്കാനാവുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ

We use cookies to give you the best possible experience. Learn more