| Monday, 20th August 2018, 10:29 am

ചെങ്ങന്നൂരില്‍ രണ്ട് ദിവസം കൂടി രക്ഷാപ്രവര്‍ത്തനം തുടരും; നെല്ലിയാമ്പതി ഒറ്റപ്പെട്ട് തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം അടുത്ത രണ്ടു ദിവസം കൂടി തുടരും. ചെറുവള്ളങ്ങള്‍ ഉപയോഗിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. ചെങ്ങന്നൂരില്‍ ഇപ്പോഴും ആയിരങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്.

രക്ഷപ്പെടാന്‍ കഴിയാത്ത ആളുകളുടെ വിവരങ്ങള്‍ സര്‍ക്കാറിന്റെ കൈവശമില്ല. വെള്ളവും ഭക്ഷണവും കിട്ടാതെ വീടുകളിലും ടെറസിലും ഉയര്‍ന്ന സ്ഥലങ്ങളിലുമാണ് ആളുകളുള്ളത്. ഇതില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിമുതല്‍ 97 വയസ്സുള്ള വൃദ്ധര്‍ വരെയുണ്ട്.

പതിനേഴ് മേഖലകള്‍ തിരിച്ച് 140 ബോട്ടുകളിലായി പട്ടാളവും നേവിയും മത്സ്യബന്ധന തൊഴിലാളികളും ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എങ്കിലും ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഈ സംവിധാനങ്ങളൊന്നും മതിയാവുന്നില്ല.

Read:  ആര്, എന്താണ് എന്നൊന്നും നോക്കില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്ന മനസാണ് അവര്‍ക്കുള്ളത്, അതിനുവേണ്ടി എന്ത് സാഹസത്തിനും തയ്യാറാകും’; മത്സ്യത്തൊഴിലാളികളെ കുറിച്ച് ജോണ്‍സണ്‍ ജാമറ്റ് സംസാരിക്കുന്നു

ബോട്ടുകളും ചെറുവള്ളങ്ങളും എത്താത്ത സ്ഥലങ്ങളില്‍ ഹെലികോപ്റ്ററുകളില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളായ പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍, ഇടനാട്, മംഗലം, പ്രയാര്‍, കുത്തിയതോട്, മിത്രമടം, നാക്കട എന്നിവിടങ്ങളിലാണ് പ്രളയം കൂടുതല്‍ ദുരിതം വിതച്ചത്.

ഇവിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടില്ല. നിലവില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സ്ഥല പരിചയമുള്ള ആളുകള്‍ ഇല്ലാത്തതും ആളുകള്‍ കുടുങ്ങികിടക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്താന്‍ തടസ്സമാകുന്നുണ്ട്.

അതേസമയം, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിനെ തുടര്‍ന്ന് അവിടെയ്ക്കുള്ള ഭക്ഷണസാധനവും വെള്ളവും 20 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് എത്തിച്ചത്. നിലവില്‍ പ്രദേശത്ത് മൊബൈല്‍, വൈദ്യുതി ബന്ധം ഇല്ലാത്തതും പ്രതിസന്ധിയാണ്.

We use cookies to give you the best possible experience. Learn more