നിലമ്പൂര്‍: പ്രളയ ബാധിതരായ അനേകം കുടുംബങ്ങള്‍ക്ക് അഭയമൊരുക്കിയിരിക്കുകയാണ് നിലമ്പൂര്‍ ചാലിയാറിലെ നമ്പൂരിപ്പൊടി മസ്ജിദുനൂര്‍ പള്ളി.
മതില്‍മൂലയിലെ ദുരന്തബാധിത മേഖലകളില്‍ നിന്നെത്തിയ 17 കുടുംബങ്ങള്‍ക്കാണ് ഈ മുസ്‌ലീം ആരാധനാലയം അഭയകേന്ദ്രമായത്. 28 സ്ത്രീകളും 28 പുരുഷന്‍മാരും 15 കുട്ടികളുമടക്കം 71 പേരാണ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.
ബുധനാഴ്ച വൈകീട്ടോടെ ദുരന്തമേഖലയിലുള്ളവരെ പല മേഖലകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ ഇവര്‍ക്ക് അഭയമൊരുക്കാന്‍ സന്നദ്ധതയുമായി പള്ളി ഭാരവാഹികള്‍ രംഗത്തെത്തുകയായിരുന്നു.
രാത്രിയോടെ അവര്‍ പള്ളിയുടെ രണ്ടാം നിലയില്‍ താമസമൊരുക്കി. 72 വയസുകാരി രാമത്ത് പറമ്പില്‍ സുഭദ്ര മുതല്‍ ഒരു വയസുകാരന്‍ ശ്രീനാഥ് വരെ ഈ ക്യാമ്പിലുണ്ട്.
ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണവും സഹായവുമായി സന്നദ്ധ സംഘടനകളും പഞ്ചായത്ത് അധികൃതരും രംഗത്തുണ്ട്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും സ്ഥിതിഗതി വിലയിരുത്തുന്നുണ്ട്.
നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമൊരുക്കാന്‍ മനസ് കാണിച്ച പള്ളി അധികൃതരുടെ നടപടിയെ അഭിനന്ദിച്ച് മന്ത്രി കെ.ടി ജലീലും രംഗത്തെത്തി.
എല്ലാവരും ഒരുമിച്ച് ഈ പള്ളിയുടെ മുകളില്‍ താമസിക്കുകയാണെന്നും ഇങ്ങനെയാവണം നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളെല്ലാമെന്നും കെ.ടി ജലീല്‍ പ്രതികരിച്ചു. “ഇതിന് തൊട്ടപ്പറുത്ത് ഓര്‍ഫനേജാണ് നമുക്ക് ക്യാമ്പ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അങ്ങനെ നാട്ടിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന, എല്ലാവര്‍ക്കും വന്നുചേരാവുന്ന കേന്ദ്രങ്ങളാക്കി ആരാധനാലയങ്ങളേയും നമുക്ക് മാറ്റാനാകുമെന്ന് ഈ ദുരിതത്തിനിടയില്‍ നമ്മള്‍ പഠിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും ഞാന്‍ അഭിനന്ദിക്കുകയാണ്. ഈ ക്യാമ്പില്‍ നില്‍ക്കുന്ന ആളുകള്‍ ഇവിടെ തന്നെ നില്‍ക്കുന്നതാണ് കുറച്ച് കൂടി നല്ലത് എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത് ഇവിടെ നിലനിര്‍ത്തിക്കൊണ്ട് തന്നെ മറ്റുള്ളതിനെയൊക്കെ ഒറ്റക്യാമ്പാക്കി യോജിപ്പിക്കുകയാണ്” കെ.ടി ജലീല്‍ പറഞ്ഞു.