പ്രളയത്തിനിടെ മലപ്പുറത്ത് ഒമ്പതുകാരനെ പുഴയിലേക്ക് തള്ളിയിട്ട് കൊന്ന സംഭവം; പിതൃസഹോദരന്‍ പിടിയില്‍
Kerala News
പ്രളയത്തിനിടെ മലപ്പുറത്ത് ഒമ്പതുകാരനെ പുഴയിലേക്ക് തള്ളിയിട്ട് കൊന്ന സംഭവം; പിതൃസഹോദരന്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th August 2018, 12:38 pm

മലപ്പുറം: പ്രളയത്തിനിടെ മലപ്പുറത്ത് ഒമ്പതുകാരനെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മങ്കരത്തടി മുഹമ്മദിനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് പ്രതി.

മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്നും കാണാതായ ഒമ്പതുവയസുകാരന്റേത് കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രളയ സമയത്ത് കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടിപ്പുഴയില്‍ തള്ളുകയായിരുന്നു.


Read Also : താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ


 

രണ്ടാഴ്ച മുമ്പായിരുന്നു കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ പിതാവിന്റെ സഹോദരന്‍ ആനക്കയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ഇതിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഇയാള്‍ കുട്ടിയെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ കടലുണ്ടിപ്പുഴയുടെ തീരത്ത് നിന്നും കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തി. എന്നാല്‍ വീണ്ടും ജലനിരപ്പുയര്‍ന്നതോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയും മംഗലത്തൊടി അബ്ദുള്‍ സലീം- ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് ഈ മാസം 13 മുതല്‍ കാണാതായിരുന്നത്.